എഡിഎമ്മിന്റെ മരണം: പി.പി ദിവ്യ മുൻകൂർ ജാമ്യം തേടി കോടതിയിലേക്ക്
ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സിപിഎം നടപടി സ്വീകരിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുൻകൂർ ജാമ്യം തേടി കോടതിയിലേക്ക്. ദിവ്യ ഇന്ന് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജാമ്യം തേടി കോടതിയെ സമീപിക്കാനുള്ള നീക്കം ദിവ്യ ശക്തമാക്കിയത്.
ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്നലെ നീക്കിയിരുന്നു. ദിവ്യക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി. ദിവ്യയോട് രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് ദിവ്യ രാജിക്കത്ത് സമർപ്പിച്ചത്.
ദിവ്യക്ക് പകരം കെ.കെ രക്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ വൻ പ്രതിഷേധമുണ്ടാവുകയും നടപടിക്ക് സിപിഎമ്മിൽ സമ്മർദമേറുകയും ചെയ്തിരുന്നു. പാർട്ടിയിലെ ഒരു വിഭാഗവും പത്തനംതിട്ട ജില്ലാ നേതൃത്വവും അമർഷം പരസ്യമാക്കുകയും ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
Adjust Story Font
16