ദിലീപ് നിരപരാധിയെന്നാണ് വിശ്വാസം, മോഹൻലാൽ 'നല്ലവനായ റൗഡി': അടൂർ ഗോപാലകൃഷ്ണൻ
''ദിലീപിനെതിരായ ആരോപണങ്ങൾക്കൊന്നും യാതൊരു തെളിവുമില്ല. കേസിന് പിന്നിൽ അറിയാൻ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. ദിലീപിനെതിരായ ആരോപണങ്ങൾ തെളിയിക്കാനാവില്ല''
തിരുവനന്തപുരം: സിനിമയിൽ 'നല്ലവനായ റൗഡി' ഇമേജുള്ളയാളാണ് മോഹൻലാലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒരു റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല. അതുകൊണ്ടാണ് മോഹൻലാലിനെ തന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തതെന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതല്ലാത്ത വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ടാകാം. പക്ഷേ മോഹൻലാലിനെക്കുറിച്ച് തന്റെ മനസിൽ ഉറച്ചുപോയ ചിത്രം 'നല്ലവനായ റൗഡി' എന്നതാണെന്നും അടൂർ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അടൂർ പറഞ്ഞു. അങ്ങനെയൊന്നും അയാൾ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരായ ആരോപണങ്ങൾക്കൊന്നും യാതൊരു തെളിവുമില്ല. കേസിന് പിന്നിൽ അറിയാൻ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. ദിലീപിനെതിരായ ആരോപണങ്ങൾ തെളിയിക്കാനാവില്ല. ദിലീപ് ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂർ പറഞ്ഞു.
സംഘപരിവാറിനെതിരെ നിരന്തരം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന ആളല്ല താനെന്നും അടൂർ വ്യക്തമാക്കി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ ഡയറക്ടറാക്കിയതിനെതിരെയാണ് മുമ്പ് താൻ പ്രതികരിച്ചത്. അന്ന് അവരിലെ ചില വിവരമില്ലാത്ത ആളുകളാണ് തനിക്കെതിരെ തിരിഞ്ഞത്. വിവരമുള്ളവർ ഒന്നും പറഞ്ഞിട്ടില്ല. അന്ന് തന്നോട് ചന്ദ്രനിൽ പോകാൻ പറഞ്ഞ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞെന്നും അടൂർ പറഞ്ഞു.
കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നിലനിൽക്കുന്നുണ്ടെന്ന ആരോപണവും അടൂർ തള്ളി. ജാതി ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഉള്ള സ്ഥാപനമല്ല അത്, ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഡയറക്ടർ ശങ്കരമോഹന് കേരളത്തിലെ ജാതിയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹം ഡൽഹിയിൽ വളർന്ന ആളാണ്. അവിടത്തെ ശുചീകരണ തൊഴിലാളികളെ അടക്കം രംഗത്തിറക്കി ചിലർ മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കൂകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
Adjust Story Font
16