ദത്ത് വിവാദം; അനുപമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി ഇന്ന് ഹൈക്കോടതിയില്‍
താൻ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയതെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നല്‍കണമെന്നുമാണ് ആവശ്യം
കുട്ടിയെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയതെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നല്‍കണമെന്നുമാണ് ആവശ്യം.
അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അടക്കം ആറ് പേർ എതിർ കക്ഷികളാണ്. 12 മാസമായി കുട്ടിയെ കുറിച്ച് യാതൊരു അറിവുമില്ല. കുട്ടിയെ ഒളിപ്പിച്ചതിനു പിന്നില്‍ പോലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയെന്നും ഹരിജിയില്‍ ആരോപിക്കുന്നു.
അതേസമയം, കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറ് പ്രതികളാണ് മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. കുഞ്ഞിനെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും, ജാമ്യം നൽകിയാൽ പ്രതികൾ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചില്ലെന്നും, സുരക്ഷിതമായി വളർത്താൻ ഏൽപ്പിക്കുകയാണ് ചെയ്‌തതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
Adjust Story Font
16