Quantcast

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ

ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2024-12-10 09:10:30.0

Published:

10 Dec 2024 7:02 AM GMT

hussain saqafi chullikkod
X

അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് 

കോഴിക്കോട്: തിരുവനന്തപുരം: പുനഃസംഘടിപ്പിച്ച 2024-27 വർഷത്തേക്കുള്ള കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഉമർ ഫൈസി മുക്കം ചെയർമാൻ സ്ഥാനത്തേക്ക് ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കാടിനെ നാമനിർദ്ദേശം ചെയ്തു. അഡ്വ. മൊയ്തീൻകുട്ടി പിന്താങ്ങി. ഡെപ്യൂട്ടി സെക്രട്ടറി വി.ആർ ബിന്ദു റിട്ടേണിങ് ഓഫിസറായി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. എക്സിക്യുട്ടീവ് ഓഫിസർ മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു.

ശേഷം മന്ത്രി വി. അബ്ദുറഹ്മാൻ്റെ അധ്യക്ഷതയിൽ നടന്ന പുതിയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ മീറ്റിങ്ങിൽ 2025 വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി. മുൻവർഷത്തേക്കാൾ മികച്ച സേവനങ്ങൾ ഹാജിമാർക്ക് വേണ്ടി ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കുട്ടിച്ചേർത്തു.

കമ്മിറ്റി അംഗങ്ങളായ മുഹ്സിൻ എംഎൽഎ, പി.പി മുഹമ്മദ് റാഫി, പി.ടി അക്ബർ, അഷ്കർ കോറാട്, ഒ.വി ജഅ്ഫർ, ശംസുദ്ദീൻ അരിഞ്ഞിറ, കെ. നൂർ മുഹമ്മദ് നൂർഷാ, എം.എസ് അനസ് ഹാജി, മുഹമ്മദ് സക്കീർ, ഹജ്ജ് അസി. സെക്രട്ടറി ജാഫർ കക്കൂത്ത് എന്നിവർ സംബന്ധിച്ചു.

മലപ്പുറം കുഴിമണ്ണ തവനൂർ സ്വദേശിയായ ഹുസൈൻ സഖാഫി സമസ്ത മുശാവറ അംഗവും കോഴിക്കോട് ജാമിഅ മർകസ് പ്രൊ-ചാൻസിലറുമാണ്. നിലവിൽ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനുമാണ്. റഷ്യ, കാനഡ, അമേരിക്ക, ഈജിപ്ത്, മലേഷ്യ, യുഎഇ, ലിബിയ, ജോർദാൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന വിവിധ അന്താരാഷ്ട്ര പണ്ഡിത സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി തവണ പങ്കെടുത്തിട്ടുള്ള അദ്ദേഹം ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമാണ്.

കേരളത്തിലെ മുസ്‌ലിം സംഘടനാ കൂട്ടായ്മകളിലും ന്യൂനപക്ഷ വിഷയങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഹുസൈൻ സഖാഫി നേരത്ത ആരാധനാലയങ്ങളുടെ സെൻസസിനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ അംഗമായിരുന്നു.

'ഇസ്‌ലാമിക കർമശാസ്ത്രത്തിന് അറബി ഭാഷയിൽ കേരള പണ്ഡിതർ നൽകിയ സംഭാവന' എന്ന വിഷയത്തിൽ 2004ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. മർകസ് ശരീഅ കോളജിൽനിന്ന് മതപഠനത്തിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് അറബി ഭാഷയിലും നിയമപഠനത്തിലും ബിരുദവും അറബിയിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം 2021ൽ ആന്ധ്രയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റി, ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്ന് അറബി, ഉറുദു ഭാഷകളിൽ വിവിധ ഹൃസ്വകാല കോഴ്‌സുകളും പൂർത്തീകരിച്ചിട്ടുണ്ട്.

പ്രമുഖ പണ്ഡിതൻ സി.എസ് മൊയ്തീൻകുട്ടി മുസ്‌ലിയാരുടെ മകൻ സി.എസ് മുഹമ്മദ് മുസ്‌ലിയാർ-കടുങ്ങല്ലൂർ വാചാപ്പുറത്ത് ആമിന ദമ്പതികളുടെ മകനാണ്. താമരശ്ശേരി അണ്ടോണ സ്വദേശി സീനത്താണ് ഭാര്യ. മക്കൾ: അമീൻ മുബാറക് സഖാഫി, ഹുസ്‌ന മുബാറക്, അദീബ് മുബാറക്. മരുമക്കൾ: അബ്ദുറഊഫ് അസ്ഹരി, ജെബിൻ.

TAGS :

Next Story