Quantcast

വിരുന്നിന് വിളിച്ച് വിഷം നൽകില്ലെന്ന് എന്താണുറപ്പ്? ഗവര്‍ണര്‍ക്കെതിരെ സി.പി.എം സംസ്ഥാന സമിതി അംഗം

സർക്കാരിനെ അറിയിക്കാതെ മൂന്നിടത്ത് വിരുന്ന് നടത്തിയെന്ന് അനിൽ കുമാർ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-15 06:32:42.0

Published:

15 Dec 2022 6:24 AM GMT

വിരുന്നിന് വിളിച്ച് വിഷം നൽകില്ലെന്ന് എന്താണുറപ്പ്? ഗവര്‍ണര്‍ക്കെതിരെ സി.പി.എം സംസ്ഥാന സമിതി അംഗം
X

തിരുവനന്തപുരം: ഗവർണറുടെ വിരുന്നിനെതിരെ ആഞ്ഞടിച്ച് സി.പി.എം. സർക്കാരിനെ അറിയിക്കാതെ മൂന്നിടത്ത് വിരുന്ന് നടത്തിയെന്ന് സംസ്ഥാന സമിതി അംഗം അഡ്വ. കെ.അനിൽ കുമാർ ആരോപിച്ചു. വിരുന്നിന് വിളിച്ച് വിഷം നൽകില്ലെന്ന് എന്താണുറപ്പെന്നും ഗവർണർ തെറ്റ് ഏറ്റുപറയണമെന്നും അനിൽ കുമാർ പറഞ്ഞു.

എന്‍റെ സര്‍ക്കാര്‍ എന്ന് അഭിമാനിക്കാത്ത ഒരു ഗവര്‍ണറാണ് ഇന്ന് കേരളത്തിലുള്ളത്. അദ്ദേഹം ചാന്‍സലറായ സര്‍വകലാശാലക്ക് എപ്ലസ് പ്ലസ് അടക്കമുള്ള ഉന്നതേ നേട്ടങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ അഭിമാനമുയര്‍ത്താനല്ല, മറിച്ച് ആ സര്‍വകലാശാലക്ക് ഡിലിറ്റ് നല്‍കുന്നതിനു വേണ്ടി രാഷ്ട്രപതിയും ആര്‍.എസ്.എസുകാരനുമായ രാംനാഥ് കോവിന്ദിന് അവസരമുണ്ടാക്കി കൊടുത്തില്ല എന്നു പറഞ്ഞ് ഇകഴ്ത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. അദ്ദേഹം കേരളത്തിലില്ല. അതുകൊണ്ട് ഒരു നിയമസഭാ സമ്മേളനം നടത്തുമ്പോള്‍ കേരളത്തിലുള്ള തിയതി അദ്ദേഹം വ്യക്തമാക്കട്ടെ. ഗവര്‍ണറെ സംബന്ധിച്ച് ധാരാളം പ്രശ്നങ്ങള്‍ വരുന്നുണ്ട്. ഒരു സാധാരണ ഗവര്‍ണറായിട്ടല്ല അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഈ സര്‍ക്കാരിനെ കുറിച്ച് അഭിമാനകരമായ ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ ഒരു സാധാരണ ഗവര്‍ണറല്ലാത്തതുകൊണ്ട് ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് അദ്ദേഹമെത്തട്ടെ. അതാണ് കേരളം ആഗ്രഹിക്കുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തെ മുള്‍മുനയില്‍ നിര്‍ത്തിയത് തെറ്റിപ്പോയി എന്ന് ഗവര്‍ണര്‍ പറയട്ടെ. കേരളത്തിലെ മൂന്നരക്കോടി മനുഷ്യരോട് മാപ്പു പറയട്ടെ. അതാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. ഈ മര്യാദയൊന്നുമുള്ള ആളല്ല അദ്ദേഹം എന്നറിയാം. പക്ഷെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ഗവര്‍ണറെ വിലയിരുത്തുന്നുണ്ട്. അദ്ദേഹം മൂന്നു വിരുന്നു സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതു കീഴ്വഴക്കമാണ്. എന്തു മര്യാദയാണ്...സര്‍ക്കാരുമായി യാതൊരു സഹകരണവുമില്ല. കോഴിക്കോടും എറണാകുളത്തും വിരുന്ന് സംഘടിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പണമെടുത്ത് പുട്ടടിക്കുന്നു. അദ്ദേഹം നിലത്തിറങ്ങട്ടെ. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു നിയമസഭാ സമ്മേളനം തുടരുക എന്നത് സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട കാര്യമാണ്.

ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ പകരം വരുന്നത് പ്രഫുല്‍ പോഡാ പട്ടേലോ ആണെങ്കില്‍ എന്തു ചെയ്യും. ഒത്തിരി ഭ്രാന്തന്‍മാരെ ബി.ജെ.പി വളര്‍ത്തിക്കൊണ്ടിരിക്കുകയാണല്ലോ? ഇതിലാരെയാണ് വിടുന്നതെന്ന് പറയാന്‍ സാധിക്കില്ലല്ലോ. മുന്‍പ് ഗോവ ഗവര്‍ണറായിരുന്നയാള്‍ കാലുമാറ്റത്തിന് അവിടെ എല്ലാ സഹായവും ചെയ്തുകൊടുത്തയാളാണ്.

ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ വിരുന്നിന് ക്ഷണിച്ചതുകൊണ്ട് അദ്ദേഹം പോയി. വിരുന്നിന് ക്ഷണിച്ചാല്‍ പോകേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ബാധകമല്ല. മുഖ്യമന്ത്രിയെക്കുറിച്ച് കളവ് പറഞ്ഞയാളാണ് ഗവര്‍ണര്‍. വിരുന്നിന് വിളിച്ചിട്ട് വിഷം കൊടുക്കില്ല എന്നതിന് എന്താണുറപ്പ്. എന്തു വിശ്വസിച്ചാണ് ഈ ഗവര്‍ണറുടെ അടുത്ത് പോകുന്നത്. മനസിലും വായിലും നാക്കിലും വിഷം ...ഇതല്ലേ ഗവര്‍ണര്‍. വിഷം നിറഞ്ഞ വാക്കുകള്‍ പറഞ്ഞിട്ട് പിന്നെ സമാധാനത്തിന് വിളിച്ചിട്ടു കാര്യമുണ്ടോ? മുഖ്യമന്ത്രിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ കള്ളം തിരുത്തട്ടെയെന്നും അനില്‍കുമാര്‍ പറഞ്ഞു.



TAGS :

Next Story