Quantcast

'എന്‍റെ പത്രസമ്മേളനം അലങ്കോലമാക്കിയത് മുഈനലി': അഡ്വ.മുഹമ്മദ് ഷാ

പത്രസമ്മേളനത്തില്‍ മുഈനലി തങ്ങള്‍ വന്നുകയറുകയായിരുന്നു. ഒരു റോളും ഇല്ലായിരുന്നുവെന്ന് അഡ്വ.മുഹമ്മദ് ഷാ

MediaOne Logo

Web Desk

  • Updated:

    2021-08-05 17:02:06.0

Published:

5 Aug 2021 5:00 PM GMT

എന്‍റെ പത്രസമ്മേളനം അലങ്കോലമാക്കിയത് മുഈനലി: അഡ്വ.മുഹമ്മദ് ഷാ
X

തന്‍റെ വാർത്താസമ്മേളനം അലങ്കോലമാക്കിയത് യൂത്ത്​ലീഗ്​ നേതാവ് മുഈനലിയാണെന്ന് മുസ്‍ലിം ലീഗിന്‍റെ അഭിഭാഷക സംഘടനാ നേതാവ് അഡ്വ.മുഹമ്മദ് ഷാ. വാർത്താസമ്മേളനത്തിന് തന്നെ ചുമതലപ്പെടുത്തിയത് മുസ്‍ലിം ലീഗാണെന്നും മുഹമ്മദ് ഷാ മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പറഞ്ഞു.

"ചന്ദ്രികയുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍, പത്രങ്ങളിലും ചാനലുകളിലും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ നിയമപരമായ ശരിതെറ്റുകള്‍ എന്താണെന്ന് രേഖകള്‍ വെച്ച് ബോധ്യപ്പെടുത്തുക എന്ന ജോലിയാണ് എന്നെ ഏല്‍പ്പിച്ചത്. ലീഗ് നേതൃത്വമാണ് എന്നെ ഇക്കാര്യം ഏല്‍പ്പിച്ചത്. പത്രസമ്മേളനത്തില്‍ മുഈനലി തങ്ങള്‍ വന്നുകയറുകയായിരുന്നു. ഒരു റോളും ഇല്ലായിരുന്നു. എന്‍റെ പത്രസമ്മേളനം അദ്ദേഹം അലങ്കോലമാക്കി"- മുഹമ്മദ് ഷാ പറഞ്ഞു.

ലീഗ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍

ചന്ദ്രികാ ദിനപ്പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനാണ് അഭിഭാഷകനായ മുഹമ്മദ് ഷാ വാര്‍ത്താസമ്മേളനം വിളിച്ചത്. യൂത്ത്​ലീഗ്​ ദേശീയ വൈസ്​പ്രസിഡന്‍റും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനുമായ മുഈനലി തങ്ങളും ഷാക്കൊപ്പമുണ്ടായിരുന്നു. ഷാ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മുഈനലി തങ്ങള്‍ ഇടപെടുകയായിരുന്നു.

40 വർഷമായി പാർട്ടിയുടെ മുഴുവൻ ഫണ്ടും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈനലി തങ്ങൾ പറഞ്ഞു. ചന്ദ്രികയിൽ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണ്. ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്നങ്ങളാണെന്നും മുഈനലി തങ്ങൾ പറഞ്ഞു.

മുഈനലി കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞതോടെ മുഹമ്മദ് ഷാ വിഷമവൃത്തത്തിലായി. മുഈനലിക്കെതിരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് ലീഗ് പ്രവര്‍ത്തകനെത്തിയതോടെ വാര്‍ത്താസമ്മേളനം അലങ്കോലമായി. ലീഗ്​ പ്രവർത്തകനായ റാഫി പുതിയകടവാണ് മുഈനലി തങ്ങൾക്ക്​ നേരെ ഭീഷണി മുഴക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്. തുടർന്ന്​ ഒരു വിഭാഗം പ്രവർത്തകർ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക്​ മാറ്റി.

റാഫി ഇന്ത്യാവിഷൻ ആക്രമണക്കേസിലെ പ്രതി

മുഈനലിക്കെതിരെ ഭീഷണി മുഴക്കിയ ലീഗ് പ്രവർത്തകൻ റാഫി ഇന്ത്യാവിഷൻ ആക്രമണക്കേസിലെ പ്രതിയാണ്. ഐസ്ക്രീം പാർലർ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആക്രമണം. 2004ൽ കോഴിക്കോട് ടൌൺ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.

TAGS :

Next Story