കെഎസ്ആർടിസി ബസ്സിലെ പരസ്യ നിരോധനം: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ പരസ്യം നൽകാൻ അനുവദിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം
ന്യൂഡൽഹി: കെഎസ്ആർടിസി ബസ്സിൽ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. പരസ്യം പതിക്കുന്നതിനായി മാനേജ്‌മെന്റ് സമർപ്പിച്ച പുതിയ പദ്ധതിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. ബസിന്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം പതിക്കാമെന്നാണ് പുതിയ സ്‌കീം.
ഹൈക്കോടതിയുടെ ഉത്തരവ് വൻ വരുമാനനഷ്ടം ഉണ്ടാക്കുന്നതായി കാട്ടി കെഎസ്ആർടിസി സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിലാണ് നടപടി. ഹരജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ പരസ്യം പതിക്കാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ പരസ്യം നൽകാൻ അനുവദിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. വലിയ നഷ്ടമാണ് ഇപ്പോൾ തന്നെ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഇതിനിടെ പരസ്യം കൂടി നിർത്തലാക്കിയാൽ കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്നും കെഎസ്ആർടിസി അപ്പീലിൽ വ്യക്തമാക്കിയിരുന്നു.
കോവിഡ് കാലത്തിന് ശേഷം കെഎസ്ആർടിസിയുടെ പ്രധാന വരുമാനമാർഗമായിരുന്നു പരസ്യങ്ങൾ. കളർകോഡ് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ പരസ്യങ്ങൾ നൽകാനാവുമെന്നാണ് കെഎസ്ആർടിസി അപ്പീലിൽ പറയുന്നത്.
വടക്കാഞ്ചേരി ബസ് അപകടത്തിന് ശേഷമാണ് കെഎസ്ആർടിസിയിൽ പരസ്യങ്ങൾ വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഏകീകൃത കളർകോഡ് പാലിക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചത്.
Adjust Story Font
16