മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും
പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം ഇതുവരെ തീരുമാനമെടുത്തിട്ടില്ല
അട്ടപ്പാടിയിൽ മോഷണകുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തെ സഹായിക്കാനായി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സർക്കാർ തന്നെയായിരിക്കും കേസ് നടത്തുക.മദ്രാസ്,കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനാണ് വി. നന്ദകുമാർ.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല.
മധുവിൻറെ കൊലപാതകം കോടതി പരിഗണിക്കുമ്പോൾ സ്‌പെഷൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിന്റെ വീട്ടുകാർ സ്‌പെഷൽ പ്രോസിക്യൂട്ടർക്ക് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. കേസ് സിബിഐ അമ്പേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Adjust Story Font
16