എൽദോസ് കേസിൽ അഭിഭാഷകരെ പ്രതിയാക്കിയ സംഭവം: തിരുവനന്തപുരത്ത് നാളെ അഭിഭാഷകർ കോടതി ബഹിഷ്‌കരിക്കും
പരാതിക്കാരിയായ യുവതിയെ മർദിച്ച കേസിലാണ് എൽദോസിനെ കൂടാതെ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേർത്തത്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോടതികൾ നാളെ അഭിഭാഷകർ ബഹിഷ്കരിക്കും. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസിൽ അഭിഭാഷകരെ പ്രതിയാക്കിയതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
പരാതിക്കാരിയായ യുവതിയെ മർദിച്ച കേസിലാണ് എൽദോസിനെ കൂടാതെ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേർത്തത്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും എൽദോസിൻ്റെ അഭിഭാഷകനുമായ കുറ്റ്യാണി സുധീർ, അഭിഭാഷകരായ അലക്സ്, ജോസ്, ഓൺലൈൻ മാധ്യമപ്രവർത്തകൻ രാഗം രാധാകൃഷണൻ എന്നിവരെയാണ് വഞ്ചിയൂർ പോലീസ് പ്രതി ചേർത്തിരിക്കുന്നത്.
കുറ്റ്യാണി സുധീറിന്റെ ഓഫീസിൽവച്ച് യുവതിയെ ഭീഷണിപ്പെടുത്തി, മർദ്ദിച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. എന്നാൽ എൽദോസിന്റെ വക്കാലത്ത് എടുത്ത ശേഷമുള്ള യുവതിയുടെ പരാതിയിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ അഭിഭാഷകർക്ക് എതിർപ്പുണ്ട്.
ഇതിനിടെ പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വാടക വീട്ടിൽ എംഎൽഎയെ എത്തിച്ച് തെളിവെടുത്തു. ഈ വീട്ടിൽ നിന്നാണ് എംഎൽഎയുടെ വസ്ത്രങ്ങൾ നേരത്തെ അന്വേഷണസംഘം കണ്ടെത്തിയത്.
എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എംഎൽഎയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചോദ്യം ചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നും കാട്ടിയായിരുന്നു ഹരജി. ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി..
Adjust Story Font
16