കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം 27 വർഷം ഒളിവിൽ; ഒടുവിൽ 'അച്ചാമ്മ' പിടിയിൽ
ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ അറുന്നൂറ്റിമംഗലം സ്വദേശിയായ അച്ചാമ്മ ഒളിവില്‍ പോവുകയായിരുന്നു
റെജി എന്ന അച്ചാമ്മ
ആലപ്പുഴ: മാവേലിക്കരയില്‍ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ കുറ്റവാളിയെ 27 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി.മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്. എറണാകുളം പല്ലാരിമംഗലത്ത് വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അച്ചാമ്മയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി.
കാല്‍ നൂറ്റാണ്ടായി പൊലീസിനെ വട്ടം കറക്കിയ പ്രതിയാണ് പിടിയിലായത്. മുപ്പത്തിമൂന്നു വർഷം മുമ്പാണ് കൊലപാതകം നടന്നത്. ശിക്ഷവിധിച്ചിട്ട് ഇരുപത്തിയേഴ് വർഷവും. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ അറുന്നൂറ്റിമംഗലം സ്വദേശിയായ അച്ചാമ്മ ഒളിവില്‍ പോവുകയായിരുന്നു.
മിനി രാജു എന്ന പേരിൽ എറണാകുളം ജില്ലയിലെ പല്ലാരിമംഗലത്തിന് സമീപം അടിവാടിലായിരുന്നു താമസം. 1990 ഫെബ്രുവരി 21 നാണ് മാങ്കാംകുഴി സ്വദേശി കുഴിപ്പറമ്പിൽ മറിയാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ അച്ചാമ്മ സ്വർണ്ണാഭരണങ്ങൾക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.
1993-ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര കോടതി അച്ചാമ്മയെ കേസിൽ വെറുതെ വിട്ടെങ്കിലും പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11 ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. പിന്നാലെയാണ് അച്ചാമ്മ ഒളിവിൽ പോയത്. തമിഴ്നാട് സ്വദേശിയെ വിവാഹം കഴിച്ച് വിവിധയിടങ്ങളിൽ താമസിച്ച് വരുന്നതിനിടെയാണ് പല്ലാരിമംഗലത്ത് നിന്ന് മാവേലിക്കര പൊലീസ് അച്ചാമ്മയെ പിടികൂടിയത്. മാവേലിക്കരയിലെത്തിച്ച അച്ചാമ്മയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
Adjust Story Font
16