'പദ്ധതി നടപ്പാക്കും മുമ്പ് മൂന്ന് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടണം'; തൃക്കാക്കര തോൽവിക്ക് പിന്നാലെ സിൽവർ ലൈൻ പദ്ധതി വീണ്ടും ചർച്ചയാക്കി സി.പി.ഐ
തൃക്കാക്കര ഫലം സർക്കാരിൻറെ വിലയിരുത്തലല്ലെന്ന് സി.പി.എം ആവർത്തിക്കുന്നുണ്ടെങ്കിലും സി.പി.ഐ അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല
തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിൽവർ ലൈൻ പദ്ധതി വീണ്ടും ചർച്ചയാക്കി സി.പി.ഐ. പദ്ധതി നടപ്പാക്കും മുമ്പ് മൂന്ന് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു ആവശ്യപ്പെട്ടു. സർക്കാരിന് അതിനുള്ള ഉത്തരവാദിത്വമുണ്ടെന്ന് പ്രകാശ് ബാബു മീഡിയവണിനോട് പറഞ്ഞു.
സാമൂഹികാഘാത പഠനം പൂർത്തിയാക്കി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പരിസ്ഥിതികാഘാത പഠന റിപ്പോർട്ട് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കുന്നവരെ പുനരവധിവസിപ്പിക്കുന്ന കാര്യവും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രകാശ് ബാബു പറഞ്ഞു.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ സർക്കാർ പ്രവർത്തനം ചർച്ചയാകുമെന്ന് സി.പി.ഐ വ്യക്തമാക്കി. സർക്കാർ പ്രവർത്തനം പ്രതികൂലമായി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സിൽവർ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ അടക്കം സി.പി.ഐ വിമർശനം ഉയർത്തിയിരുന്നു. കനത്ത തോൽവിക്ക് സിൽവർ ലൈന്‍ കൂടിയുണ്ടെന്ന് കണക്ക് കൂട്ടുന്ന സി.പി.ഐ സർക്കാരിന് മുന്നിലേക്ക് ചില ആവശ്യങ്ങൾ കൂടി വെക്കുകയാണ്.
തൃക്കാക്കര ഫലം സർക്കാരിൻറെ വിലയിരുത്തലല്ലെന്ന് സി.പി.എം ആവർത്തിക്കുന്നുണ്ടെങ്കിലും സിപിഐ അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. ഉമതോമസിൻറെ വിജയത്തിന് പി.ടിയുടെ പ്രതിഛായക്കൊപ്പം സഹതാപ തരംഗവും കാരണമായിട്ടുണ്ടെന്നാണ് സി.പി.ഐ വിലയിരുത്തുന്നത്. അടുത്ത പാർട്ടി നേതൃയോഗങ്ങൾ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തും.
Adjust Story Font
16