അന്ന് വാശിയായിരുന്നു, വഖഫ് നിയമം പാസാക്കിയ ശേഷം നിയമസഭയിൽ ലഡു വിതരണം ചെയ്തു: വി.ഡി സതീശൻ
അസംബ്ലിയിൽ ഏതെങ്കിലും ബില്ല് പാസാക്കിയതിന്റെ പേരിൽ ലഡു വിതരണം ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
വഖഫ് നിയമം പാസാക്കിയ ശേഷം ഭരണകക്ഷി അംഗങ്ങൾ നിയമസഭയിൽ ലഡു വിതരണം ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമം പാസാക്കാൻ സർക്കാറിന് വാശിയായിരുന്നു എന്നും ഇപ്പോൾ വാശിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
'നിയമസഭ ഈ ബില്ലു പാസാക്കി പിരിയുന്ന വേളയിൽ, സ്പീക്കർ ഇറങ്ങിയപ്പോൾ ഭരണകക്ഷി അംഗങ്ങൾ ലഡു വിതരണം ചെയ്തു. വഖഫ് മന്ത്രി അടക്കമുള്ള ആളുകൾ അതിലുണ്ടായിരുന്നു. അസംബ്ലിയിൽ ഏതെങ്കിലും ബില്ല് പാസാക്കിയതിന്റെ പേരിൽ ലഡു വിതരണം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഞങ്ങൾക്ക് യാതൊരു വാശിയുമില്ല എന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സർക്കാറിന്റേതല്ല, വഖഫ് ബോർഡിൽ നിന്നു വന്ന നിർദേശമാണ് നിയമനം പി.എസ്.സിക്ക് വിടുന്നതെന്ന് അദ്ദേഹം പറയുന്നു. ആ പ്രസ്താവന നടത്തി 24 മണിക്കൂറിനകം നിയമനം പി.എസ്.സിക്കു വിടണം എന്നാവശ്യപ്പെട്ട് സർക്കാർ വഖഫ് ബോർഡിന് അയച്ച കത്തുവന്നു. മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.' - സതീശൻ കുറ്റപ്പെടുത്തി.
'വഖഫ് വിഷയത്തിൽ എന്താണ് വർഗീയത. വര്‍ഗീയത എന്ന വാക്കിന്റെ അർത്ഥമെന്താണ്. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുമ്പോഴാണ് വർഗീയതയെന്ന വിഷയം ഉടലെടുക്കുന്നത്. വഖഫ് വിഷയത്തിൽ വേറെ ഏതു മതവിഭാഗത്തെ ഹനിച്ച വിഷയമാണ് ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയെ പോലുള്ള ഒരാൾ വർഗീയത എന്ന വാക്ക് ചുമ്മാ എടുത്ത് ഉപയോഗിക്കയാണോ? ദേവസ്വം ബോർഡിന്റെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യം വന്നപ്പോൾ ഞങ്ങൾ ശരിയല്ലെന്നു പറഞ്ഞു. റിക്രൂട്ട്‌മെന്റ് ബോർഡുണ്ടാക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞു. അത് സമ്മതിച്ചു. വഖഫ് ബോർഡിലും അതേ അഭിപ്രായം പറഞ്ഞു. റിക്രൂട്ട്‌മെന്റ് ബോർഡുണ്ടാക്കിയാൽ മതിയെന്നാണ് പറഞ്ഞത്. റിക്രൂട്ട്‌മെന്റ് ബോർഡിൽ അഴിമതി വരുമെന്നാണ് അപ്പോൾ സർക്കാർ പറഞ്ഞത്. പി.എസ്.സിയിലും റിക്രൂട്ട്‌മെന്റ് ബോർഡിലും ആളെ നിയമിക്കുന്നത് സർക്കാറാണ്. അഴിമതിയില്ലാത്ത ആളുകളെ നിയമിച്ചാൽ മതി. അപ്പോൾ പ്രശ്‌നമില്ലല്ലോ.' - അദ്ദേഹം ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ പദ്ധതി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. 'ഒരു ലക്ഷത്തിലധികം കോടി രൂപ കെ റെയിലിന് ചെലവു വരുമെന്ന് നീതി ആയോഗ് പറഞ്ഞിട്ടുണ്ട്. ഇത് 2018ലെ കണക്കാണ്. ഇത് യാഥാർത്ഥ്യമാകുമ്പോഴേക്ക് രണ്ടു ലക്ഷം കോടി കഴിയും. എസ്റ്റിമേറ്റോ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ടോ ഇല്ലാതെയാണ് സർക്കാർ സിൽവർ ലൈനുമായി മുമ്പോട്ടു പോകുന്നത്. ഇതിന് പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല. സാമൂഹിക ആഘാതപഠനം നടത്തിയിട്ടില്ല. കേന്ദ്രഗവൺമെന്റെ അനുമതിയില്ല. നേരായ സർവേ നടത്തിയിട്ടില്ല. കെ-റെയിലിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് സാധ്യതാ പഠനം നടത്തിയ കമ്പനിയുടെ തലവൻ അലോക് കുമാർ നടത്തിയിട്ടുള്ളത്. അടിയന്തരമായി സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറണം.'- അദ്ദേഹം ആവശ്യപ്പെട്ടു.
'പ്രതിപക്ഷം വികസന വിരുദ്ധരാണ്, ദേശദ്രോഹികളാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ തൊപ്പി ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിനാണ്. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ തടസ്സം നിന്നിട്ടുള്ള ഒരു പാർട്ടിയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം പതിനാറു കൊല്ലം. എന്നിട്ട് ഇപ്പോൾ അദ്ദേഹം നല്ലപിള്ള ചമയുകയാണ്. അദ്ദേഹത്തിന് ഇപ്പോൾ മോദിയുടെ സ്‌റ്റൈലാണ്. പിണറായിയെ വിമർശിച്ചാൽ ദേശദ്രോഹികൾ എന്നത് സ്ഥിരം പ്രയോഗമായി മാറിയിരിക്കുകയാണ്. ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയാൽ ഈ പദ്ധതിക്ക് പിന്തുണ നൽകാം.'- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
നേരത്തെ, വഖഫ് വിഷയത്തിൽ മുസ്‌ലിംലീഗും യുഡിഎഫും വർഗീയത പടർത്തുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം.
'വഖഫ് പ്രശനത്തിൽ മുസ്‌ലിംലീഗ് നടത്തിയ റാലി, അവർ സ്വീകരിച്ച സമീപനം, അതെല്ലാം നേരത്തെയുള്ള സമീപനത്തിൽ നിന്ന് കുറേക്കൂടി കടന്നു പോകുകയാണ്. നേരത്തെ തന്നെ മതതീവ്രവാദ സംഘടനകളോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന വിമർശനം ലീഗിനെതിരെയുണ്ട്. ഇപ്പോൾ അതൊന്നു കൂടി കടന്നു പോകുന്നു. രാഷ്ട്രീയലാഭത്തിനായി ജമാഅത്തെ ഇസ്‌ലാമി, പോപുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ സഖ്യം പരസ്യമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രത്യക്ഷമായി ഉണ്ടായിരുന്നില്ല. ഇപ്പോൾ വന്നിരിക്കുന്ന മാറ്റം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുസ്‌ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും ലീ്ഗ ഏറ്റെടുത്തിരിക്കുകയാണ്.' എന്നായിരുന്നു പിണറായിയുടെ വിമർശം.
Summary: Opposition leader VD Satheesan said that after the passage of the Waqf Act, the ruling party members distributed ladu in the Assembly. He said that the government was eager to pass the law and now it is in vain that the Chief Minister is saying no. Satheesan was speaking at a press conference.
Adjust Story Font
16