'പാർട്ടി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും': മന്ത്രി അഹമ്മദ് ദേവർകോവിൽ
എ.പി അബ്ദുൽ വഹബിനും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾക്കും ഐഎൻഎൽ ദേശീയ പ്രസിഡന്റിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു
ഐ.എൻ.എൽ മുൻ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബിനെതിരെ താക്കീതുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ. പാർട്ടി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു നേതാവിനെ നോക്കിയല്ല പ്രവർത്തകർ പാർട്ടിയിൽ നിൽക്കുന്നതെന്നും സമാന്തരം യോഗം നടത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ ആഭ്യന്തര തർക്കം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന കൗൺസിൽ പിരിച്ചു വിട്ടിരുന്നു. പിന്നീട് പിരിച്ചു വിട്ട സംസ്ഥാന കൗൺസിലിനെ എ.പി അബ്ദുൽ വഹാബ് വിളിച്ചു ചേർക്കുകയും ചെയ്തു. വഹാബിന്റെ നടപടിയൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ പരാമർശം.
ഭൂരിപക്ഷ കൗൺസിൽ അംഗങ്ങൾ കൂടെയുണ്ടെന്ന് കാണിച്ച് മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനാവും, നിയമത്തിന്റെ മുന്നിൽ അവകാശ വാദങ്ങൾ നിലനിൽക്കില്ല, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി 40 വർഷത്തെ ബന്ധം തനിക്കുണ്ട്, പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കും, മന്ത്രി തുറന്നടിച്ചു. പാർട്ടിയിലെ ആഭ്യന്തര തർക്കത്തിൽ കാന്തപുരം ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിഷയവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും മന്ത്രി വിശദമാക്കി.
എ.പി അബ്ദുൽ വഹബിനും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾക്കും ഐഎൻഎൽ ദേശീയ പ്രസിഡന്റിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാണ് ആവശ്യം. പിരിച്ചു വിട്ട സംസ്ഥാന കൗൺസിൽ വിളിച്ചു ചേർത്തതും ദേശീയ നേതൃത്വത്തെ വിമർശിച്ചതിനുമെതിരെയാണ് നടപടി.
ഐ.എൻ.എൽ വഹാബ് പക്ഷ നേതാക്കളെ പുറത്താക്കാൻ തന്നെയാണ് ഐഎൻഎൽ അഡാഹോക്ക് കമ്മിറ്റിയുടെ നീക്കം. ഇതിന്റെ മുന്നോടിയായാണ് നോട്ടീസ് നൽകിയത്. സംഘടനാപരമായ അച്ചടക്കലംഘനം നടത്തി, സംസാഥാന കൗൺസിൽ വിളിച്ചു ചേർത്തു, ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ പാർട്ടിയിൽ നിന്നും പുറത്താക്കാതിരിക്കാനുള്ള കാരണം ഏഴ് ദിവസംകൊണ്ട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റിയതായി ഇരുവരും അറിയിച്ചിട്ടുണ്ട്. ഏഴു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തന്നെയാണ് ദേശീയ നേതൃത്വത്തിന്റെയും ഖാസിം പക്ഷത്തിന്റെയും തീരുമാനം.
Adjust Story Font
16