എ.ഐ കാമറ വിവാദം; കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരൻ
പ്രസാഡിയോക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി സുധാകരൻ
തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതി വിവാദത്തിൽ കോടതിയെ സമീപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പ്രസാഡിയോക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. കരാറിലൂടെ വൻ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും കെ.സുധാകരൻ ആരോപിച്ചു.
അതേസമയം എഐ കാമറ വിവാദത്തിൽ ഉൾപ്പെട്ട പ്രസാഡിയോ കമ്പനിയുടെ കോഴിക്കോട് മലാപ്പറമ്പിലെ ഓഫിസ് യൂത്ത് ലീഗ് ഉപരോധിച്ചു. കമ്പനി അടച്ചുപൂട്ടണമെന്നും സാമ്പത്തിക ഇടപാടുകളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
എ.ഐ കാമറാ വിവാദത്തിൽ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനിക്ക് മുമ്പും സർക്കാർ കരാറുകൾ ലഭിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിനായി വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ സ്ഥാപിക്കാനായി ഊരാളുങ്കലിന് നൽകിയ കരാർ നടപ്പാക്കിയത് പ്രസാഡിയോ വഴിയാണ്. കമ്പനി രൂപീകരിച്ച് മാസങ്ങൾക്കുള്ളിലായിരുന്നു കരാർ .
കണ്ണൂരിലെ തളിപ്പറമ്പ്, കാസർഗോഡ് ,തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ മോട്ടോർ വാഹന വകുപ്പിനായി വെഹിക്കിൾ ടെസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കാനുള്ള കരാർ ലഭിച്ചത് ഊരാളുങ്കൽ ടെക്‌നോളജീസിനായിരുന്നു. എന്നാൽ പുറത്ത് വന്ന പർച്ചേസ് ഓഡറിൽ നിന്നും ഇത് നടപ്പാക്കിയത് പ്രസാഡിയോ ആണെന്ന് വ്യക്തം.
പ്രസാഡിയോ കമ്പനി രൂപീകരിച്ചത് കോർപറേറ്റ് മന്ത്രാലയത്തിലെ രേഖകൾ പ്രകാരം 2018 ജനുവരി 11 നാണ്. 2018 ജൂണിൽ ജൂലൈ മാസങ്ങളിലായി ഊരാളുങ്കൽ പർച്ചേസ് ഓർഡർ പ്രസാഡിയോയ്ക്ക് നൽകുകയും ചെയ്തു. മൊത്തം മൂന്നര കോടിയുടേതായിരുന്നു ഇടപാട്. വേണ്ടത്ര പ്രവർത്തിപരിചയമോ വൈദഗ്ധ്യമോ ആർജ്ജിക്കുന്നതിന് മുമ്പ് തന്നെ നിർണായക ഇടപാടുകളിൽ പ്രസാഡിയോയ്ക്ക് പങ്കാളിത്തം ലഭിച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
Adjust Story Font
16