Quantcast

എ.ഐ കാമറ ഇടപാട്; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഫെബ്രുവരിയിൽ നിർദേശം നൽകി

അഞ്ച് ഇടപാടുകളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-26 07:48:59.0

Published:

26 April 2023 7:00 AM GMT

ai camera, al hind, keltron, pinarayi vijayan
X

തിരുവനന്തപുരം: എ.ഐ കാമറ ഇടപാടിൽ ഫെബ്രുവരിയിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശം നൽകി. സർക്കാരിന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി. അഴിമതി നിരോധന നിയമം 17എ പ്രകാരമാണ് അന്വേഷണം. അഞ്ച് ഇടപാടുകളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.

മുന്‍ ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ക്രമക്കേടുകളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഇതില്‍ എഐ കാമറ ഇടപാടും പെടും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് ഇക്കാര്യത്തില്‍ പ്രാഥമിക പരിശോധന നടത്തി. 2022 മെയിലാണ് പ്രാഥമിക പരിശോധന തുടങ്ങിയത്. പിന്നീട് ഫെബ്രുവരിയില്‍ വിശദമായ അന്വേഷണത്തിനും നിര്‍ദേശിച്ചു.

തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ യൂണിറ്റ് (2) ആണ് പരാതി അന്വേഷിക്കുന്നത്. ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വ്യവസായ വകുപ്പും കെല്‍ട്രോണില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയത്. ഇത് മുഖ്യമന്ത്രിക്ക് വ്യവസായ വകുപ്പ് കൈമാറി. പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാനായി മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചേക്കും .

അതേസമയം എ ഐ കാമറ ഇടപാടിലെ ദൂരൂഹത വർധിപ്പിച്ച് കൂടുതൽ ഉപകരാറുകളുടെ വിവരങ്ങൾ പുറത്ത വന്നു. കോഴിക്കോട്ടെ പ്രസാഡിയോ ടെക്‌നോളജീസ് എന്ന സ്ഥാപനം അൽഹിന്ദിന് ഉപകരാർ നൽകിയിരുന്നതായാണ് രേഖകൾ.

കെൽട്രോണിൻറെ അറിവോടെയാണ് ഉപകരാറിൻ മേൽ വീണ്ടും ഇടപാടുകൾ നടന്നതെന്നാണ് രേഖകകൾ തെളിയിക്കുന്നത്. കെൽട്രോണിൽ നിന്ന് എസ്ആർഐടി വഴി ഉപകരാർ ലഭിച്ച പ്രസാഡിയോ സ്വന്തം നിലയ്ക്ക് പണം കണ്ടെത്താനാവാതെ വന്നതോടെയാണ് അൽഹിന്ദിന് സമീപിച്ചതെന്നാണ് വിവരം. തുടർന്ന് ഉണ്ടാക്കിയ ധാരണ പ്രകാരം അൽഹിന്ദ് മൂന്ന് കോടി രൂപ നിക്ഷേപിച്ചു. സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്ന നിലയിൽ കെൽട്രോണിന് ഈ പണം കൈമാറി.

ഇതിനിടെ കാമറയുടെ കാര്യത്തിൽ പ്രസാഡിയോയും അൽഹിന്ദും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തു. ഇതോടെയായിരുന്നു അൽഹിന്ദിൻറെ പിൻമാറ്റം. ഇടപാടുകൾ ഏകോപിപ്പിച്ച അൽഹിന്ദ് മിഡിലീസ്റ്റ് മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റീന അബ്ദുറഹ്മാൻ പ്രസാഡിയോക്ക് സുതാര്യതക്കുറവ് ഉണ്ടായിരുന്നതായി ചൂണ്ടികാട്ടുന്നു. 50 കോടി മുടക്കിയാൽ 75 കോടി തിരികെ ലഭിക്കുമെന്നായിരുന്നു ഉറപ്പ് നൽകിയതെന്നും റീന അബ്ദുറഹ്മാൻ മീഡിയവണിനോട് പറഞ്ഞു.

അതിനിടെ ഇടപാടുകളിലെ ദുരൂഹത പുറത്ത് വന്നതോടെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. കാമറ വാങ്ങിയത് ഉയര്‍ന്ന വിലയ്ക്കാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷവും ഉയര്‍ത്തി. നാളെ ചേരുന്ന യുഡിഎഫ് യോഗം സമര പരിപാടികള്‍ക്കും രൂപം നല്‍കും

TAGS :

Next Story