എഐ കാമറ വിവാദം: കുടുംബത്തിനെതിരെ വരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും മൗനം തുടർന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും
മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യപിതാവിന് ബന്ധമുള്ള കമ്പനിക്ക് കെല്‍ട്രോണിന്‍റെ ഉപകരാര്‍ എങ്ങനെ കിട്ടി എന്ന പ്രസക്തമായ ചോദ്യം ഉയര്‍ന്നിട്ടും ഉത്തരം നല്‍കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറായിട്ടില്ല
തിരുവനന്തപുരം: എഐ കാമറ വിവാദത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമെതിരെ വരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും മൗനം തുടര്‍ന്ന് പിണറായി വിജയനും സി.പി.എമ്മും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യപിതാവിന് ബന്ധമുള്ള കമ്പനിക്ക് കെല്‍ട്രോണിന്‍റെ ഉപകരാര്‍ എങ്ങനെ കിട്ടി എന്ന പ്രസക്തമായ ചോദ്യം ഉയര്‍ന്നിട്ടും ഉത്തരം നല്‍കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറായിട്ടില്ല. ഗുരുതര അഴിമതി ആരോപണം ഉണ്ടായിട്ടും പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പോലും മൗനം പാലിക്കുന്നതില്‍ നേതാക്കള്‍ക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്
എഐ കാമറ വിവാദത്തില്‍ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷം മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചാണ് പിന്നീട് നീക്കങ്ങള്‍ നടത്തിയത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യപിതാവിന് ബന്ധമുള്ള കമ്പനിയുടെ പേര് കൂടി വിവാദത്തിന്‍റെ ഭാഗമായി വന്നു. പദ്ധതിയില്‍ ഉപകരാര്‍ കിട്ടിയ പ്രസാഡിയോ കന്പനിയുമായി മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യപിതാവ് പ്രകാശ് ബാബുവിന് ബന്ധമുണ്ടെന്ന വിവരമാണ് പുറത്ത് വന്നത്.
സാധാരണ ഗതിയില്‍ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്ന വരുമ്പോള്‍ വൈകാരികമായി പ്രതികരിക്കാറുള്ള മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെ മിണ്ടിയിട്ടില്ല. ഭരണപരമായും വ്യക്തിപരമായും പ്രതിരോധത്തിലാക്കുന്ന വിവാദങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ നടത്താറുള്ള പതിവ് വാചകങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ മറുപടി.'നാടിന്‍റെ വികസനത്തെ ആണ് യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച് എതിര്‍ക്കുന്നത്.എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ വികസനവുമായി മുന്നോട്ട് പോകുമെന്ന മറുപടിയാണ് കഴിഞ്ഞദിവസവും പറഞ്ഞത്.
പാര്‍ട്ടിയുടെ മൗനമാണ് മറ്റൊരു ചര്‍ച്ചാവിഷയം. സര്‍ക്കാരിന് വേണ്ടി വ്യവസായ മന്ത്രി പി.രാജീവ് കാര്യങ്ങള്‍ വിശദീകരിച്ചുവെന്ന് പാര്‍ട്ടി നേതൃത്വം പറയുമ്പോഴും അതിലും ചിലര്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വ്യവസായ വകുപ്പ് സെക്രട്ടറിയെ അടുത്ത് ഇരുത്തിയാണ് മന്ത്രി കരാറിനെ ന്യായീകരിച്ചത്.
ആ ഉദ്യോഗസ്ഥന് പിന്നീട് എങ്ങനെ നിഷ്പക്ഷമായി അന്വേഷണം നടത്താന്‍ കഴിയും എന്ന ചോദ്യമാണ് ഉയരുന്നത്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം സാധാരണ ഗതിയില്‍ എത്താറുണ്ടെങ്കിലും പ്രതിപക്ഷം നിലപാട് കടുപ്പിച്ചിട്ടും സിപിഎം സംസ്ഥാനസെക്രട്ടറി അടക്കമുള്ളവര്‍ ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല.പാര്‍ട്ടിയുടെ മൗനത്തില്‍ ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നാളെ ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യുമോഎന്ന് പാര്‍ട്ടി നേതാക്കളും ഉറ്റ് നോക്കുന്നുണ്ട്.
Adjust Story Font
16