കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികൾ ദുർബലമാകുന്നതായി എഐസിസി വിലയിരുത്തൽ
വയനാട് ദുരിതാശ്വാസ ഫണ്ട് പിരിച്ചു നൽകുന്നതിൽ പല കമ്മിറ്റികളും വീഴ്ച വരുത്തിയെന്ന് എഐസിസി
ഡൽഹി: കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികൾ ദുർബലമാകുന്നതായി എഐസിസി വിലയിരുത്തൽ. പല ഡിസിസികളും താഴെ തട്ടിൽ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും എഐസിസി. സാമൂഹ്യ മാധ്യമ റീലുകളിൽ നിറഞ്ഞു നിൽക്കുന്ന പല ഡിസിസി അധ്യക്ഷന്മാരും മണ്ഡലം കമ്മിറ്റികളെ ചലിപ്പിക്കാൻ മെനക്കെടുന്നില്ല. വയനാട് ദുരന്തത്തിൽ കൈതാങ്ങ് ആയി എല്ലാ മണ്ഡലം കമ്മിറ്റികളും 25,000 രൂപ വീതം പിരിച്ചു നൽകാനായി കെപിസിസി ആവശ്യപ്പെട്ടിരുന്നു . എന്നാൽ പല മണ്ഡലം കമ്മിറ്റികളും ഇക്കാര്യത്തിൽ വീഴ്ച വരുത്തി.
വയനാട് ലോക്‌സഭയിൽ നേടിയ റെക്കോഡ് ഭൂരിപക്ഷവും പാലക്കാട്ടെ ഉയർന്ന വോട്ടും നിയമ സഭാ തെരെഞ്ഞെടുപ്പിൽ സഹായിക്കില്ല എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. പത്ത് ഡിസിസി അധ്യക്ഷന്മാരുടെ പ്രവർത്തനം നിരാശാജനകമാണ്. സംഘടനാ ശരീരത്തിൽ കാര്യമായ മാറ്റം വേണമെന്നാണ് വിലയിരുത്തൽ. തൃശൂർ ഡിസിസി അധ്യക്ഷ പദവിയും യുഡിഎഫ് അധ്യക്ഷ പദവിയും ആറു മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. എംപി യെന്ന നിലയിൽ തന്നെ അമിത ജോലി ഭാരമുള്ളതിനാൽ തൃശൂർ ഡിസിസി അധ്യക്ഷന്റെ അധിക ചുമതല തുടർന്ന് കൊണ്ടുപോകാനാവില്ല എന്ന്, വി.കെ ശ്രീകണ്ഠൻ എംപി നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. തൃശൂർ ഡിസിസി ഓഫിസിൽ നടന്ന കൈയാങ്കളിയിൽ തന്റെ അനുയായികളെ മാത്രമാണ് സസ്പെൻഡ് ചെയ്തു പുറത്തു നിർത്തിയിരിക്കുന്നത് എന്ന കെ മുരളീധരന്റെ പരാതിയിൽ പരിഹാരമായി. സജീവൻ കുര്യച്ചിറ ഉൾപ്പെടെ നേതാക്കളെ തിരിച്ചെടുക്കാൻ നേതൃത്വം അനുമതി നൽകി
Adjust Story Font
16