ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അനുമതിയില്ല
ദ്വീപിലെ ജനങ്ങളെ സംഘ്പരിവാർ വെല്ലുവിളിക്കുകയാണെന്ന് വി ഡി സതീശന്
ലക്ഷദ്വീപ് സന്ദർശിക്കാൻ എഐസിസി സംഘത്തിന് അനുമതിയില്ല. രണ്ട് തവണ അഡ്മിനിസ്ട്രേഷന് കത്ത് നൽകിയിട്ടും അനുമതി നൽകിയില്ല. 144 പ്രഖ്യാപിച്ചതും കോവിഡ് നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
ലക്ഷദ്വീപിലെ ജനങ്ങളെ അഡ്മിനിസ്ട്രേറ്റർ ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിമര്‍ശിച്ചു. ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങള്‍ അഡ്മിനിസ്ട്രേറ്റർ കവർന്നെടുക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്താന്‍ ശ്രമം നടക്കുന്നു. ദ്വീപിലെ ജനങ്ങളെ സംഘ്പരിവാർ വെല്ലുവിളിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു.
സാധാരണക്കാരായ ദ്വീപ് നിവാസികളെ കാരാഗ്രഹത്തിലേക്ക് കൊണ്ടുപോകാൻ നീക്കം നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിമര്‍ശിച്ചു. ലക്ഷദ്വീപില്‍ നടക്കുന്നത് സാംസ്കാരിക അധിനിവേശമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ ഭീതിയിലാണ്. ലക്ഷദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. എഐസിസി സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചത് ഫാഷിസമാണ്. എല്ലാവരും ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്ട്രേറ്ററാണെന്ന് കെ മുരളീധരന് എംപി പറഞ്ഞു. ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്നത്. ലക്ഷദ്വീപില്‍ കാര്യങ്ങള്‍ കൈവിട്ടു പോയി. മതപരമായ ആചാരങ്ങൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നും മുരളീധരന് വിമര്‍ശിച്ചു.
സ്കൂളുകൾ പൂട്ടുന്നു
15 സ്കൂളുകൾ വിവിധ ദ്വീപുകളിലായി പൂട്ടി. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. വിവിധ സ്കൂളുകളെ ലയിപ്പിക്കാനാണ് നീക്കം. ആവശ്യത്തിന് ജീവനക്കാരില്ല എന്നാണ് കാരണം പറയുന്നത്. ഇതോടെ കുട്ടികള്‍ വളരെ ദൂരം സഞ്ചരിച്ച് മറ്റ് സ്കൂളുകളിലേക്ക് പോകേണ്ടിവരും. ഒരു ഭാഗത്ത് പുനക്രമീകരണമെന്ന പേരില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോഴാണ്, ജീവനക്കാരില്ല എന്ന് പറഞ്ഞ് സ്കൂളുകള്‍ പൂട്ടാന്‍ നീക്കം നടത്തുന്നത്. അതിനിടെ ലക്ഷദ്വീപിൽ കൂട്ടസ്ഥലമാറ്റവും നടക്കുന്നു. ഫിഷറീസ് ഡിപാര്‍ട്മെന്റിലെ 39 പേരെയാണ് സ്ഥലംമാറ്റിയത്.
രോഗികളോടും ദയ ഇല്ല
ലക്ഷദ്വീപിലെ എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനാണ് പുതിയ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചു. എയർ ആംബുലൻസുകളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ആശുപത്രി സൌകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്. രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കൽ ഓഫീസർമാരിൽ നിന്ന് എടുത്തുമാറ്റി ഹെൽത്ത് സർവീസ് ഡയറക്ടർ ചെയർമാനായ നാലംഗ സമിതിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവും വേണമെന്ന് ഉത്തരവിൽ പറയുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരം ഹെൽത്ത് സർവീസ് ഡയറക്ടർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.
കപ്പലിലും പിടിമുറുക്കി അഡ്മിനിസ്ട്രേറ്റര്‍
ലക്ഷദ്വീപ് ഡവലപ്മെന്റ് കോര്പ്പറേഷന് 20 വര്‍ഷമായുണ്ടായിരുന്ന കപ്പൽ വിഭാഗത്തിന്റെ അധികാരങ്ങള്‍ എടുത്തുമാറ്റാന്‍ നീക്കം. കപ്പലുകളുടെ ക്രൂമാരെ നിയമിക്കാനുള്ള കരാർ ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക് കൈമാറുന്നു. 6 മാസത്തിനുള്ളിൽ കപ്പലുകള്‍ ഏറ്റെടുക്കുമെന്ന് ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത് ഏഴ് യാത്രാ കപ്പലുകളും എട്ട് ബാര്‍ജുകളും സ്പീഡ് വെസലുകളുമാണ്. ഇതിലെല്ലാമായി 800ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ക്രൂമാരില്‍ 70 ശതമാനം പേരും ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 30 ശതമാനം കേരളത്തിലെ ജീവനക്കാരും. ലക്ഷദ്വീപിലെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് കപ്പല്‍ ജീവനക്കാരുടെ വരുമാനമാണ്. എന്നാല്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റതോടെയാണ് ലക്ഷദ്വീപ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍ ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയ്ക്ക് കൈമാറുന്നത്. ഇതോടെ തദ്ദേശീയരായവരുടെ ജോലി നഷ്ടപ്പെടുമെന്നാണ് ദ്വീപ് നിവാസികളുടെ ആശങ്ക. ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അവരുടെ ജീവനക്കാരെ കുറഞ്ഞ ശമ്പളത്തിന് നിയോഗിച്ച് സര്‍വീസ് നടത്തിയാല്‍ നിലവിലെ ജീവനക്കാര്‍ പുറത്താകും.
Adjust Story Font
16