Quantcast

മാസ്‌ക് ധരിക്കാത്തതിൽ ചോദ്യം ചെയ്ത പൊലീസിനു നേരെ കയ്യേറ്റം; ദൃശ്യങ്ങൾ പകർത്തിയ മീഡിയവൺ സംഘത്തിനു നേരെ വധഭീഷണി

എ.ഐ.എസ്.എഫ് മുൻ നേതാവ് വിനീത് എസ്. തമ്പിയുൾപ്പടെ രണ്ട് പേരാണ് വധഭീഷണി ഉയർത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-05-04 11:56:57.0

Published:

4 May 2021 11:54 AM GMT

മാസ്‌ക് ധരിക്കാത്തതിൽ ചോദ്യം ചെയ്ത പൊലീസിനു നേരെ കയ്യേറ്റം; ദൃശ്യങ്ങൾ പകർത്തിയ മീഡിയവൺ സംഘത്തിനു നേരെ വധഭീഷണി
X

മാസ്‌ക് ധരിക്കാതെ കാറിലെത്തിയവരെ ചോദ്യം ചെയ്ത പൊലീസിന് നേരെ കയ്യേറ്റശ്രമം. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്തു. മീഡിയവൺ സംഘത്തിന് നേരെയായിരുന്നു ആക്രോശം. എ.ഐ.എസ്.എഫ് മുൻ നേതാവ് വിനീത് എസ്. തമ്പിയുൾപ്പടെ രണ്ട് പേരാണ് വധഭീഷണി ഉയർത്തിയത്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചായിരുന്നു സംഭവം.

പൊലീസ് പരിശോധനയ്ക്കിടെയാണ് വിനിത് എസ്. തമ്പിയും മറ്റൊരാളും കാറിലെത്തിയത്. ഇരുവരും മാസ്‌ക് ധരിച്ചിരുന്നില്ല, മാസ്‌ക് വാങ്ങാൻ പോവുകയാണെന്നായിരുന്നു ഇവർ പൊലീസിനു നൽകിയ മറുപടി. ഇതിനെ ചോദ്യം ചെയ്ത പൊലീസ് ഫൈൻ അടക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായാണ് പൊലീസിനു നേരെ ഇവര്‍ കയ്യേറ്റ ശ്രമം നടത്തിയത്.

എസ്.ഐ അടക്കമുള്ളവർ ഇടപെട്ടിട്ടും ഇരുവരും അടങ്ങാതിരുന്നപ്പോഴാണ് മീഡിയവൺ വാർത്താ സംഘം ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചത്. ഇതിനു പിന്നാലെ ഇവർ മീഡിയവൺ സംഘത്തിനു നേരെ ആക്രോശിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

"ഒന്നുകില്‍ നീ നിര്‍ത്ത് അല്ലെങ്കില്‍ അടുത്ത വരവ് നിന്‍റെ ഓഫീസിലോട്ടായിരിക്കും" എന്നായിരുന്നു ഭീഷണി. ഈ ഘട്ടത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള നടപടി സ്വീകരിച്ചത്. നിലവിൽ ഇവരെ കന്‍റോൺമെന്‍റ് സ്‌റ്റേഷനിലേക്ക് മാറ്റി. കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വിഷയത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ലോ കോളേജിൽ എ.ഐ.എസ്.എഫിന്‍റെ മുൻ യൂണിറ്റ് സെക്രട്ടറിയും മുൻ ജില്ലാ വൈസ് പ്രസിഡന്‍റുമാണ് വിനീത് എസ് തമ്പി.

TAGS :

Next Story