Quantcast

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് എഐഎസ്എഫ് വനിതാ നേതാവ്

'എസ്എഫ്ഐയും ആർഎസ്എസും തമ്മില്‍ വ്യത്യാസമില്ലാതായി. അവര്‍ ജാതിപേര് വിളിച്ച് ആക്ഷേപിച്ചു'

MediaOne Logo

Web Desk

  • Updated:

    2021-10-22 08:20:40.0

Published:

22 Oct 2021 7:26 AM GMT

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് എഐഎസ്എഫ് വനിതാ നേതാവ്
X

എംജി സർവ്വകലാശാലയിൽ ഉണ്ടായ സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ ശാരീരികമായി ആക്രമിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തക. സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്നും വനിതാ നേതാവ് പോലീസിനു മൊഴി നല്കി. ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

"എസ്എഫ്ഐയും ആർഎസ്എസും തമ്മില്‍ വ്യത്യാസമില്ലാതായി. അവര്‍ സ്ത്രീത്വത്തെ അപമാനിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികളെല്ലാം ഭയപ്പെട്ടിരിക്കുകയാണ്. ഇനിയൊരു ഇലക്ഷനെ നേരിടാനുള്ള ധൈര്യം വിദ്യാര്‍ഥിനികള്‍ക്കുണ്ടാവരുതെന്ന വാശിയോടെയാണ് എസ്എഫ്ഐ എന്നെ ആക്രമിച്ചത്. സ്ത്രീകളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധം ബലാത്സംഗ ഭീഷണിയാണ്. അതാണ് അവര്‍ ഉപയോഗിച്ചത്.പക്ഷെ അതുകൊണ്ടൊന്നും ഞാന്‍ ഭയപ്പെടില്ല. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അരുണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നീതി കിട്ടാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറാണ്."- വനിതാ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.

ക്രൂരമർദ്ദനത്തിനാണ് എഐഎസ്എഫിന്‍റെ സംസ്ഥാന വനിത നേതാവും മറ്റു നേതാക്കളും ഇരായായത്. എംജി സർവ്വകലാശാലയുടെ സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനായിരുന്നു മർദ്ദനം. സഹപ്രവർത്തകരെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് വനിതാ നേതാവിനു നേരെയും എസ്എഫ്ഐ പ്രവർത്തകർ തിരിഞ്ഞത്.

കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള പരാതി കോട്ടയം എസ്പിക്ക് നല്കിയതിനെ തുടര്‍ന്നാണ് മൊഴിയെടുക്കൽ.

പരിക്കേറ്റ് ഇന്നലെ കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്നു വനിത നേതാവും സഹപ്രവർത്തകരും. എസ് പിക്ക് നേരിട്ട് പരാതി നല്കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗന്ധി നഗർ സ്റ്റേഷനിൽ നേരിട്ടെത്തി വനിത നേതാവ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മൊഴി നല്കിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് വരാനാണ് എഐഎസ്എഫിന്‍റെ തീരുമാനം.


TAGS :

Next Story