തൃക്കാക്കരയിൽ സിപിഎമ്മിന് 10 വോട്ട് കൂടിയാൽ പോലും വരാനിരിക്കുന്നത് ഭയാനകമായ സാഹചര്യം; തോൽപ്പിച്ചാൽ പോരാ ചെണ്ടകൊട്ടി തോൽപ്പിക്കണം: എ.കെ ആന്റണി
എൽഡിഎഫ് ജയിച്ചാൽ രാജഭരണമായിരിക്കും നടക്കാൻ പോവുന്നത്. രാജാവ് പറയുന്നത് മറ്റുള്ളവർ അനുസരിക്കുക എന്ന അവസ്ഥയുണ്ടാവും.
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 10 വോട്ട് കൂടിയാൽ പോലും വരാനിരിക്കുന്നത് ഭയാനകമായ അന്തരീക്ഷമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. രാജഭരണമായിരിക്കും പിന്നീട് നടക്കുക. രാജാവ് പറയുക, മറ്റുള്ളവർ അനുസരിക്കുക എന്ന അവസ്ഥ വരും. അതുകൊണ്ട് എൽഡിഎഫിനെ അന്തസായി തോൽപ്പിക്കണം, വെറുതെ തോൽപ്പിച്ചാൽ പോരാ ചെണ്ടകൊട്ടി തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ മന്ത്രിസഭ ഒന്നാകെ ഉത്തരവാദിത്തങ്ങൾ വലിച്ചെറിഞ്ഞ തൃക്കാക്കരയിൽ വന്നുനിൽക്കുകയാണ്. ഇത് ക്രിമിനൽ കുറ്റമാണ്. വെള്ളപ്പൊക്കം, വിലക്കയറ്റം, റോഡ് തകർന്ന പ്രശ്‌നങ്ങളൊക്കെ സംസ്ഥാനത്ത് നിലനിൽക്കുന്നു. ഇപ്പോൾ ഭരണം കലക്ടർമാരെ ഏർപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭക്ക് ഭീഷണിയില്ലാത്ത തെരഞ്ഞെടുപ്പിൽ അങ്ങനെ ചെയ്യരുതെന്നും ആന്റണി പറഞ്ഞു.
കൊച്ചിയിലെ മുഴുവൻ വികസനവും കൊണ്ടുവന്നത് യുഡിഎഫാണ്. കൊച്ചിൻ ഷിപ്പിയാർഡ് വന്നത് ഇന്ദിരാ ഗാന്ധിയുടെ കാലത്താണ്. നെടുമ്പാശ്ശേരി വിമാനത്താവളം കരുണാകരൻ കൊണ്ടുവന്നപ്പോൾ എന്തൊക്കെയാണ് പറഞ്ഞത്. കലൂർ സ്റ്റേഡിയം കൊണ്ടുവന്നതും കരുണാകരനാണ്. ഗോശ്രീ പാലം വന്നത് തന്റെ ഭരണകാലത്താണ്. ആ പാലത്തിലൂടെ കടന്നുപോയ ഒന്നാം നമ്പർ കാർ തന്റേതാണ്.
ഇൻഫോ പാർക്ക് കൊണ്ടുവന്നത് തന്റെ ഭരണകാലത്താണ്. അന്ന് കുഞ്ഞാലിക്കുട്ടിയാണ് ഒപ്പം നിന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഐ.ടി ഹബ്ബുകൾ വികസിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമില്ലെങ്കിൽ കൊച്ചി മെട്രോ ഉണ്ടാകുമായിരുന്നില്ല. മെട്രോ കാക്കനാട് വരെ നീട്ടാൻപോലും പിണറായിക്ക് പറ്റുന്നില്ല. സിപിഎം വികസന വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ അയൽപക്കത്ത് വരാൻപോലും എൽഡിഎഫ് സ്ഥാനാർഥിക്ക് കഴിയില്ല. പി.ടിയുടെ ഭാര്യയായതുകൊണ്ടല്ല. മഹാരാജാസിൽ പടപൊരുതി വന്നയാളാണ്. ഉമക്ക് കൊടുക്കുന്ന വോട്ട് പി.ടിക്ക് വേണ്ടി കൊടുക്കുന്ന വോട്ടാണ്. എൽഡിഎഫ് സർക്കാറിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാവണം തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16