അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യാൻ കഴിയാത്തത് ഡി.എഫ്.ഒയുടെ പിടിവാശി മൂലമെന്ന് എ.കെ ബാലന്‍
ആദിവാസികൾക്ക് വനഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് രണ്ട് വർഷമായി റവന്യൂ - വനം വകുപ്പുകൾ തമ്മിലുള്ള തർക്കം തുടരുകയാണ്
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യാൻ കഴിയാത്തത് മണ്ണാർക്കാട് ഡി.എഫ്.ഒയുടെ പിടിവാശി മൂലമാണെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലൻ . ആദിവാസികൾക്ക് വനഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് രണ്ട് വർഷമായി റവന്യൂ - വനം വകുപ്പുകൾ തമ്മിലുള്ള തർക്കം തുടരുകയാണ്. ഡി.എഫ്. ഒക്കെതിരെ പാലക്കാട് ജില്ല കലക്ടർ സർക്കാരിന് കത്ത് നൽകി. ജില്ല കലക്ടർ അന്യായമായി ഫയലുകളിൽ ഒപ്പ് വയ്ക്കാൻ നിർബന്ധിക്കുന്നു എന്നാണ് ഡി.എഫ്.ഒ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
വനവകാശ നിയമപ്രകാരം അട്ടപ്പാടിയിലെ 429 ആദിവാസികൾക്ക് ഭൂമി നൽകണം. ഇതിന് പുതൂർ പഞ്ചായത്തിലെ ഈ കാണുന്ന നിത്യ ഹരിതവനവും പുൽമേടുകളുമാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ നിബിഡ വനം വിട്ടുനൽകാൻ കഴിയില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. നേരത്തെ ഉള്ള ഡി.എഫ്.ഒയും നിലവിലുള്ള ഡി.എഫ്.ഒയും ഒരേ നിലപാടാണ് സ്വീകരിച്ചത്. ഡി.എഫ്.ഒയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചും കലക്ടറെ പിന്തുണച്ചുമാണ് എ.കെ ബാലൻ രംഗത്ത് എത്തിയത്.
മണ്ണാർക്കാട് ഡി.എഫ്.ഒക്ക് എതിരെ പാലക്കാട് ജില്ല കലക്ടർ റവന്യൂ മന്ത്രിക്ക് കത്ത് നൽകി. വനത്തെ തകർക്കുന്ന ഫയലുകളിൽ ഒപ്പുവെക്കാൻ കലക്ടർ നിർബന്ധിക്കുന്നു എന്ന് കാണിച്ച് ഡി.എഫ്.ഒ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും കത്ത് നൽകി. ജോയിൻ വെരിഫിക്കേഷൻ പോലും നടത്താതെയാണ് വനഭൂമി കൈമാറാൻ നീക്കമെന്നാണ് വനം വകുപ്പിന്‍റെ വാദം. എന്നാൽ ജോയിൻ വെരിഫിക്കേഷൻ നടത്താൻ ഡി.എഫ്.ഒ തയ്യാറാക്കുന്നില്ലെന്ന് ബാലൻ കുറ്റപ്പെടുത്തി. മണ്ണാർക്കാട് ഡി.എഫ്.ഒയെ സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ മാറി വന്നാലും വനം-റവന്യൂ വകുപ്പുകൾ തമ്മിലെ തർക്കം തുടരാനാണ് സാധ്യത.
Adjust Story Font
16