Quantcast

കോഴ വാങ്ങുന്ന കോടികൾ എവിടെപ്പോകുന്നു?; എയ്ഡഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ ഇനിയും ഭയന്നു നിൽക്കരുത്: എ.കെ ബാലൻ

പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിൽ പോലും പണമുള്ളവർക്ക് മാത്രമാണ് നിയമനം ലഭിക്കുന്നത്. ഓരോ സമുദായത്തിലെയും ദുർബല വിഭാഗങ്ങൾ പുറത്താണ്. മാനേജ്‌മെന്റുകൾ കോഴയായി വാങ്ങുന്ന കോടികൾ എങ്ങോട്ട് പോകുന്നുവെന്നറിയില്ല.

MediaOne Logo

Web Desk

  • Updated:

    2022-05-25 13:07:14.0

Published:

25 May 2022 1:02 PM GMT

കോഴ വാങ്ങുന്ന കോടികൾ എവിടെപ്പോകുന്നു?; എയ്ഡഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ ഇനിയും ഭയന്നു നിൽക്കരുത്: എ.കെ ബാലൻ
X

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ ഇനിയും സർക്കാർ ഭയന്നുനിൽക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. എംഇഎസും എസ്എൻഡിപിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എൻഎസ്എസ് എതിരുനിൽക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും എഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സാമൂഹ്യനീതി ഉറപ്പാക്കാൻ എയ്ഡഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടേണ്ടത് അത്യാവശ്യമാണ്. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിൽ പോലും പണമുള്ളവർക്ക് മാത്രമാണ് നിയമനം ലഭിക്കുന്നത്. ഓരോ സമുദായത്തിലെയും ദുർബല വിഭാഗങ്ങൾ പുറത്താണ്. മാനേജ്‌മെന്റുകൾ കോഴയായി വാങ്ങുന്ന കോടികൾ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. ഒരു കോടി രൂപയോളമാണ് കോളജ് അധ്യാപക തസ്തികയിൽ കോഴ വാങ്ങുന്നത്. എൽപി സ്‌കൂളുകളിൽപോലും ലക്ഷങ്ങളാണ് വാങ്ങുന്നത്. പട്ടികജാതിക്കാരിയായ തന്റെ ഒരു ബന്ധു ലക്ഷങ്ങൾ കോഴ കൊടുത്താണ് സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തിൽ ജോലിക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ലക്ഷത്തോളം തൊഴിൽരഹിതരായ യുവസമൂഹം കേരളത്തിലുണ്ട്. അവരിൽ ഒരു 10 ശതമാനമെങ്കിലും പട്ടികജാതിക്കാരാണ്. എയ്ഡഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുകയാണെങ്കിൽ അത് പിന്നോക്ക വിഭാഗങ്ങൾക്ക വലിയൊരു ആശ്വാസമായിരിക്കും. എയ്ഡഡ് നിയമനങ്ങളിൽ ഇപ്പോൾ സംവരണ മാനദണ്ഡങ്ങൽ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനങ്ങൾ പിഎസ് സിക്ക് വിട്ടാൽ സംവരണ മാനദണ്ഡപ്രകാരം നിയമനം നടക്കും. ഇതുവഴി പിന്നാക്ക വിഭാഗങ്ങളിലെ കൂടുതൽ ആളുകൾക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴ വാങ്ങാനായി സ്‌കൂളുകളിൽ അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്ന രീതിയും നിലവിലുണ്ട്. നിയമനങ്ങൾ പിഎസ്‌സിക്ക് വിടുകയാണെങ്കിൽ ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിച്ച് വലിയൊരു തുക ലാഭിക്കാനാവും. സർക്കാറിന് ഒരു നിയന്ത്രണവുമില്ലാത്ത മേഖലയിലേക്കാണ് ഖജനാവിലെ നല്ലൊരു തുകയും നൽകേണ്ടിവരുന്നത്. ഇതിന്റെ പേരിൽ മറ്റൊരു വിമോചനസമരം ഇനി കേരളത്തിലുണ്ടാവുമെന്ന ആശങ്കയില്ലെന്നും എ.കെ ബാലൻ പറഞ്ഞു.

TAGS :

Next Story