എൻസിപിയിലെ മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍
പി.സി.ചാക്കോ, തോമസ് കെ. തോമസ് എന്നിവർ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമാകും. പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാവണമെന്നതാണ് തന്‍റെ ആവശ്യം. പി.സി.ചാക്കോ, തോമസ് കെ. തോമസ് എന്നിവർ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
''തോമസ് കെ.തോമസ് എന്‍സിപിയുടെ ദേശീയ അധ്യക്ഷനെ കാണുന്നതും സംസാരിക്കുന്നതും ഒരു തരത്തിലും അച്ചടക്ക ലംഘനമോ പാര്‍ട്ടി വിരുദ്ധമോ അല്ല. അദ്ദേഹം പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാണ്. പ്രചരിപ്പിക്കുന്നത് പോലെ ഒരു കാര്യവും എൻസിപിയിൽ നടക്കുന്നില്ല. രണ്ടുമാസം മുമ്പ് ശരദ് പവാറുമായി ചർച്ച നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് സംസാരിക്കാൻ തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഡൽഹിയിൽ ചർച്ച നടന്നത്. പ്രചരിപ്പിക്കുന്നത് പോലെ ഒരു കാര്യവും എന്‍സിപിയിൽ നടക്കുന്നില്ല. തോമസ് കെ. തോമസ് ദേശീയ അധ്യക്ഷനെ കാണുന്നത് അച്ചടക്കലംഘനമോ പാർട്ടിവിരുദ്ധമോ അല്ല. അദ്ദേഹത്തിന് പവാറിനെക്കണ്ട് പല കാര്യങ്ങളും സംസാരിക്കാനുണ്ടാവും.
മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ മുൻപ് പവാറുമായി ചർച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഇക്കാര്യം നീണ്ടുപോയത്. ഇന്നലത്തെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ തനിക്കറിയില്ല. അസ്വഭാവികമായി ഒന്നും നടന്നിട്ടില്ല. കേരളത്തിൽ ഇപ്പോളിത് ചർച്ചയാക്കിയത് നല്ല കാര്യമല്ലെന്ന് ബന്ധപ്പെട്ടവർ മനസിലാക്കണം. താൻ രാജി വയ്ക്കുന്നതിൽ ഒരു തടസമില്ല. പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാവണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടത്. തോമസിന് മന്ത്രിയാവുന്നതിന് തന്‍റെ മന്ത്രിസ്ഥാനം തടസമല്ല. തോമസിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും'' ശശീന്ദ്രന്‍ പറഞ്ഞു.
Adjust Story Font
16