എ.കെ.ജി സെന്റർ ആക്രമണക്കേസ്: പ്രതിയെ സഹായിച്ച വനിതാ നേതാവ് ഒളിവിൽ
പ്രതി ജിതിനെ ഇന്ന് എ.കെ.ജി സെന്ററിലെത്തിച്ചു തെളിവെടുപ്പ് നടന്നേക്കും. എന്നാൽ, പ്രതിയുടെ ടീ ഷർട്ടും ചെരിപ്പും കണ്ടെത്താനായിട്ടില്ല
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിൽ. അന്വേഷണസംഘം ചോദ്യംചെയ്യാൻ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവിൽപോയത്. പ്രതിക്ക് ഇരുചക്ര വാഹനം എത്തിച്ചത് വനിതാ നേതാവാണെന്ന് കണ്ടെത്തിയിരുന്നു.
കേസിൽ ഇവരെ സാക്ഷിയാക്കാനാണ് നീക്കം നടക്കുന്നത്. ഗൂഢാലോചനയിലും ആക്രമണത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതിചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്നാൽ, കൃത്യം നടക്കുമ്പോൾ പ്രതി ധരിച്ചിരുന്ന ടീ ഷർട്ടും ചെരിപ്പും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള ജിതിനെ ഇന്ന് എ.കെ.ജി സെന്ററിൽ എത്തിച്ച് തെളിവെടുത്തേക്കും.
ആക്രമണ ഗൂഢാലോചനയിൽ മറ്റ് രണ്ട് യൂത്ത് കോൺഗ്രസുകാർക്കുകൂടി പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്‌തേക്കും. ജിതിനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാൻ നീക്കം നടക്കുന്നത്. ജിതിനുമായി നടത്തിയ തെളിവെടുപ്പിലും ചോദ്യംചെയ്യലിലും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്.
എ.കെ.ജി സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിയാൻ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് കണ്ടെത്തുകയാണ് ഇനി അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ലക്ഷ്യം. ഗൗരീശപട്ടത്ത് ജിതിന് വാഹനം കൈമാറിയ മറ്റൊരാളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. കേസിൽ നിർണായകമായ ഡിയോ സ്‌കൂട്ടർ കണ്ടെത്തണം. ജിതിൻ സഞ്ചരിച്ച സ്‌കൂട്ടറിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.
Summary: The woman leader who helped the accused Jithin in the AKG center attack case is absconding: Report
Adjust Story Font
16