എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് 25 ദിവസം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്
ലോക്കല്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും മാറി മാറി അന്വേഷിച്ച കേസ് ഒടുവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്
തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണം നടന്ന് 25 ദിവസം കഴിഞ്ഞും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ലോക്കല്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും മാറി മാറി അന്വേഷിച്ച കേസ് ഒടുവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന ആക്ഷേപത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.
ജൂണ്‍ 30ന് രാത്രി 11.24നാണ് സംസ്ഥാന ഭരണം കയ്യാളുന്ന പാര്‍ട്ടിയുടെ ആസ്ഥാനത്തേക്ക്, ഒന്നുകൂടി കൃത്യമാക്കിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലേക്ക് ആക്രമണം നടന്നത്. ആദ്യം പറഞ്ഞത് ബോംബെന്ന്. പിന്നീടത് സ്ഫോടകവസ്തുവായി. ഒടുവില്‍ സ്റ്റേറ്റ് ഫോറന്‍സിക് ലാബ് വിശേഷിപ്പിച്ചത് ഏറുപടക്കമെന്ന്. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖര്‍ സ്ഥലത്തേക്ക് പാഞ്ഞെത്തി. സംഭവസമയത്ത് എകെജി സെന്ററിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെയും പി.കെ ശ്രീമതിയുടേയും പ്രതികരണങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു.
എന്നാല്‍ നിയമസഭയില്‍ വിഷയം അടിയന്തരപ്രമേയമായി കോണ്‍ഗ്രസ് തന്നെ ഉന്നയിച്ചപ്പോള്‍ ആരോപണം മയപ്പെടുത്തി. അപ്പോഴും യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുവാവിനെ പ്രതിയാക്കാനുള്ള നീക്കം പാളിയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. പ്രത്യേക അന്വേഷണസംഘത്തെ കൊണ്ടും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ എല്‍.ഡി.എഫ് കണ്‍വീനര്‍ ചോദിച്ചത് സുകുമാരക്കുറുപ്പിനെ പിടിച്ചോ, അങ്ങനെ എത്ര കേസുകളുണ്ട് എന്നാണ്.
1500ഓളം വാഹനങ്ങളും 500ഓളം രേഖകളും പരിശോധിച്ചിട്ടും ഒരു തുമ്പും ഉണ്ടായില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ച് ഒരു കൈ നോക്കട്ടെ എന്ന് തീരുമാനിച്ചത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തെ പോലെ യാതൊരു തുമ്പും ലഭിക്കാതെ എ.കെ.ജി സെന്‍റര്‍ ആക്രമണവും തേഞ്ഞുമാഞ്ഞ് പോകുമോ എന്നതാണ് ഇനി അറിയേണ്ടത്.
Adjust Story Font
16