'കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി'; അഖിൽ സജീവിനെതിരെ പുതിയ കേസ്
ഒരു ലക്ഷം സി.ഐ.ടി.യു ഓഫിസിൽ വച്ചും മൂന്നു ലക്ഷം വീട്ടിൽവച്ചും ബാക്കിതുക ഓൺലൈൻ വഴിയും നൽകിയെന്നാണു പരാതിയിലുള്ളത്
അഖില്‍ സജീവ്
പത്തനംതിട്ട: വ്യാജ നിയമന തട്ടിപ്പുകേസിൽ പിടിയിലായ അഖിൽ സജീവിനെതിരെ വീണ്ടും പരാതി. കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് പത്തു ലക്ഷം തട്ടിയെന്നാണ് പുതിയ കേസ്. യുവമോർച്ച നേതാവ് രാജേഷും കേസിൽ പ്രതിയാണ്. ഒരു ലക്ഷം സി.ഐ.ടി.യു ഓഫിസിൽ വച്ചും മൂന്നു ലക്ഷം വീട്ടിൽവച്ചും ബാക്കിതുക ഓൺലൈൻ വഴിയും നൽകിയെന്നാണു പരാതിയിലുള്ളത്. എഫ്.ഐ.ആറിന്റെ പകർപ്പ് മീഡിയവണിനു ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ അഖിലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ നിയമന തട്ടിപ്പ് കേസാണിത്. സി.ഐ.ടി.യു ഫണ്ട് തട്ടിപ്പും സ്‌പൈസസ് ബോർഡ് തട്ടിപ്പുമാണ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയാണ് ഇപ്പോൾ പത്തു ലക്ഷം തട്ടിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമാണ് തുടക്കത്തിൽ പണം നൽകിയിരുന്നത്. പിന്നീട് പരാതിക്കാരിയുടെ ഭർത്താവ് സി.ഐ.ടി.യു ഓഫിസിൽ നേരിട്ടെത്തി ഒരു ലക്ഷവും വീട്ടിലെത്തി മൂന്നു ലക്ഷം വീട്ടിലെത്തിയും നൽകിയത്.
പരാതിക്കാരിയുടെ മകൾക്ക് ക്ലർക്കായി കിഫ്ബിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. കിഫ്ബിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് അഖിൽ നിർമിച്ചുനൽകിയതായും ആരോപണമുണ്ട്. കിഫ്ബിയുടെ തിരുവനന്തപുരത്തെ ഓഫിസിലേക്ക് ഇവരെ കൊണ്ടുപോകുകയും അവിടെനിന്ന് ഒപ്പ് തരപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
യുവമോർച്ച നേതാവാണ് അഖിൽ സജീവിനെ പരാതിക്കാർക്കു പരിചയപ്പെടുത്തിയത്. റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഖിൽ സജീവ് ഒന്നാംപ്രതിയും രാജേഷ് രണ്ടാം പ്രതിയുമാണ്.
Summary: Akhil Sajeev cheated 10 Lakhs offering job at KIIFB: New FIR
Adjust Story Font
16