'ഒരു പ്രശ്നത്തിനും പോകാത്ത ആളാ, ഇന്ന് പരീക്ഷ എഴുതേണ്ടതായിരുന്നു': അഭിമന്യുവിന്‍റെ അച്ഛന്‍
അഭിമന്യുവിന്റെ സഹോദരൻ അനന്തു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് അമ്പിളികുമാർ
ആലപ്പുഴയില്‍ കൊല്ലപ്പെട്ട അഭിമന്യു ഒരു പ്രശ്നത്തിനും പോകാത്ത ആളായിരുന്നെന്ന് പിതാവ് അമ്പിളികുമാർ. മകൻ രാഷ്ട്രീയ പ്രവർത്തനത്തിനൊന്നും പോകാറുണ്ടായിരുന്നില്ല. അഭിമന്യുവിന്റെ സഹോദരൻ അനന്തു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അമ്പിളികുമാർ പറഞ്ഞു.
"എന്താ സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ വണ്ടിയില്‍ പോയേക്കുവായിരുന്നു. ഞാന്‍ വന്നപ്പോള്‍ അവന്‍ ഇവിടില്ല. അമ്പലത്തില്‍ പോയതാണെന്ന് പറഞ്ഞു. ഒന്ന് മയക്കം പിടിച്ചപ്പോഴാ സംഭവം അറിഞ്ഞത്. ഞാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു. അവന്‍ 10ല്‍ പഠിക്കുകയാണ്. ഇന്ന് പരീക്ഷയുള്ള ആളാ. ഒരു പ്രശ്നത്തിനും ഇതുവരെ പോയിട്ടില്ല. അവന്‍റെ ചേട്ടന്‍ കോളജില്‍ പഠിക്കുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം മൊത്തം കമ്യൂണിസ്റ്റുകാരാണ്. അഭിമന്യു രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോവാറുണ്ടായിരുന്നില്ല. കുട്ടികളുടെ അമ്മ മരിച്ചിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ".
അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആരോപിച്ചു. അഭിമന്യു എസ്എഫ്ഐ പ്രവർത്തകനാണ്. ആർഎസ്എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി ബി ബിനു പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യംചെയ്യുന്നത്.
Adjust Story Font
16