Quantcast

മരച്ചീനിയിൽനിന്ന് മദ്യം; നടക്കുമോ ബാലഗോപാലിന്റെ പെറ്റ് പ്രോജക്ട്?

തിരുവനന്തപുരം ശ്രീകാര്യത്തുള്ള കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനാണ് ഇതിന്റെ മേൽനോട്ടച്ചുമതല

MediaOne Logo

Web Desk

  • Published:

    11 March 2022 6:14 AM GMT

മരച്ചീനിയിൽനിന്ന് മദ്യം; നടക്കുമോ ബാലഗോപാലിന്റെ പെറ്റ് പ്രോജക്ട്?
X

രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട സവിശേഷ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ. നാട്ടിൽ സുലഭമായ മരച്ചീനിയിൽനിന്ന് എഥനോൾ ഉൽപ്പാദിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനാണ് മരച്ചീനി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ശ്രീകാര്യത്തുള്ള കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനാണ് ഇതിന്റെ മേൽനോട്ടച്ചുമതല. ഇതിനായി രണ്ടു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

1983ലാണ് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിലുള്ള കിഴങ്ങ് ഗവേഷണ കേന്ദ്രം മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉൽപ്പാദിപ്പിക്കുന്നത് സംബന്ധിച്ച പഠനം നടത്തി പേറ്റന്റ് നേടിയത്. എന്നാൽ ബാലഗോപാൽ ധനമന്ത്രിയായ ശേഷമാണ് ആശയത്തിന് പ്രായോഗിക രൂപം കൈവരുന്നത്.

ബാലഗോപാലിന്റെ പ്രൊജക്ട്

മന്ത്രിയായി സ്ഥാനമേറ്റെടുത്ത വേളയിൽ ബാലഗോപാൽ പൊടിതട്ടിയെടുത്ത ആശയമാണ് മരച്ചീനിയിൽനിന്നുള്ള മദ്യം. മരച്ചീനിയുടെ വിപണിമൂല്യം ഉയർത്തി കർഷകനു ന്യായവില ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ; 'കേരളം കാർഷിക മേഖലയിൽ പല തരത്തിൽ മാറി ചിന്തിച്ചേ പറ്റൂ. തോട്ടം മേഖലയിൽ റബറാണ് പ്രധാന വരുമാന മാർഗം. പക്ഷേ റബർ മാത്രം മതി എന്നു കരുതി ഇരിക്കാൻ സാധിക്കില്ല. ഏത്തക്കായിൽനിന്നു കായ വറുത്തത് ഉണ്ടാക്കി വിറ്റതു കൊണ്ടു മാത്രം പ്രയോജനം ഉണ്ടാകില്ല. പല തരത്തിലുള്ള അസംസ്‌കൃത വസ്തുക്കളുടെ ഉൽപാദനത്തിനുകൂടി വിളകൾ ഉപയോഗിക്കണം. 'സുഭിക്ഷ കേരളം' പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതോടെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മരച്ചീനി തിന്നു തീർക്കാൻ പറ്റാതായി. അഞ്ചു രൂപ പോലും മരച്ചീനിക്ക് കിട്ടാത്ത സ്ഥിതിയുണ്ട്. കുറഞ്ഞത് 11,12 രൂപ ലഭിച്ചാലേ കർഷകനു പ്രയോജനമുള്ളൂ. മരച്ചീനിയിൽനിന്ന് അന്നജം (സ്റ്റാർച്ച്) ഉണ്ടാക്കുമായിരുന്നു. കരിമ്പിൽനിന്ന് മദ്യം ഉൽപാദിപ്പിക്കുന്ന ചിറ്റൂർ ഷുഗർ മിൽ ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലേക്കു ലക്ഷക്കണക്കിനു ലിറ്റർ സ്പിരിറ്റ് വരുന്നുണ്ട്. അതു വെള്ളവും ടേസ്റ്റ് മേക്കറും ചേർത്തു മദ്യമായി വിപണനം ചെയ്യുന്ന രീതിയാണ് ഉള്ളത്.'

നിലവിലുള്ള ഡിസ്റ്റിലറികളിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയാൽ മരച്ചീനിയിൽ നിന്നുള്ള മദ്യം കേരളത്തിന്റെ സ്വന്തം ബ്രാൻഡാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇതിനായി ആദ്യം വേണ്ടത് കുറഞ്ഞ ചെലവിൽ സ്പിരിറ്റ് നിർമിക്കാനുള്ള സാങ്കേതിക വിദ്യയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഉൽപ്പാദനച്ചെലവ് വെല്ലുവിളി

നിലവിൽ സംസ്ഥാനത്ത് ശരാശരി 60-70 രൂപയ്ക്ക് ഒരു ലിറ്റർ സ്പിരിറ്റ് കിട്ടും. എന്നാൽ മരച്ചീനിയിൽനിന്ന് ഒരു ലിറ്റർ സ്പരിറ്റ് ഉത്പാദിപ്പിക്കാൻ നൂറു രൂപയിലേറെ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ സാങ്കേതിക വിദ്യ പ്രകാരം സ്റ്റാർച്ചിൽ (അന്നജം) നിന്നാണ് സ്പിരിറ്റ് ഉണ്ടാക്കുന്നത്. ഇവ നൂറു ഡിഗ്രിയിൽ തിളപ്പിച്ച് കുഴമ്പാക്കും. രാസപ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കും. യീസ്റ്റ് ചേർത്ത് പുളിപ്പിക്കും. പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്പോഴാണ് സ്പിരിറ്റ് ലഭിക്കുന്നത്.

ഒരു കിലോഗ്രാം കപ്പപ്പൊടിക്ക് അഞ്ചു കിലോ ഉണങ്ങിയ മരച്ചീനി വേണമെന്നാണ് കണക്ക്. ഇതിൽ നിന്ന് 800 ഗ്രാം സ്റ്റാർച്ചാണ് ലഭിക്കുക. ഒരു കിലോ സ്റ്റാർച്ച് ലഭിക്കാൻ വേണ്ടത് ആറു കിലോഗ്രാം മരച്ചീനി. ഒരു കിലോ സ്റ്റാർച്ചിൽ നിന്ന് പരമാവധി 400 മില്ലിലിറ്റർ സ്പിരിറ്റ് ആണ് ലഭിക്കുക. ഇങ്ങനെ നോക്കുമ്പോൾ ഒരു ലിറ്റർ സ്പിരിറ്റുണ്ടാക്കാൻ 15 കിലോ മരച്ചീനിയെങ്കിലും വേണം.

10-12 രൂപയ്ക്ക് മരച്ചീനി സംഭരിച്ചാൽ 15 കിലോയ്ക്ക് 150-180 രൂപ ചെലവുവരും. രാസപ്രക്രിയയ്ക്കായി വേണ്ട എൻസൈമിനും ആസിഡിനുമുള്ള ചെലവ് ഇതിന് പുറമേയാണ്. പ്ലാന്റിന്റെയും ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റാവശ്യങ്ങളുടെയും ചെലവ് വേറെ. കരിമ്പുചണ്ടിയിൽ നിന്ന് ഒരു ലിറ്റർ സ്പിരിറ്റ് 60-70 രൂപയ്ക്ക് മദ്യക്കമ്പനികൾക്കു കിട്ടുന്ന വേളയാണ് ഇരട്ടി പണം മുടക്കി മരച്ചീനിയിൽനിന്ന് സ്പിരിറ്റ് ഉണ്ടാക്കേണ്ടി വരിക.

TAGS :

Next Story