ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ ഇളവ് തേടിയാണ് ആലഞ്ചേരി കോടതിയെ സമീപിച്ചത്
കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കർദിനാളിന് ഇളവുകൾ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ ഇളവ് തേടിയാണ് ആലഞ്ചേരി കോടതിയെ സമീപിച്ചത്. നേരിട്ട് ഹാജരാകണമെന്നത് വിലക്കണമെന്നാവശ്യപ്പെട്ട കർദിനാൽ തന്നെ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഈ അപേക്ഷയാണ് ജസ്റ്റിസ് സിയാദുറഹ്മാൻ അധ്യക്ഷനായ ബഞ്ച് തള്ളിയത്.
സിറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഭൂമി വില്‍പനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Adjust Story Font
16