എല്ലാ മെഡി.കോളജുകളിലും എമർജൻസി അലാം; ഡോക്ടർമാരുടെ സുരക്ഷയ്ക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി
'രോഗികളുള്ള എല്ലാപ്രധാനപ്പെട്ട സ്ഥലങ്ങളിലും സിസിടിവി ക്യാമറ സ്ഥാപിക്കണം'
തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. എല്ലാ മെഡിക്കൽ കോളജുകളിലും സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കണം, പൊതു- സ്വകാര്യ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, ജില്ലാ മെഡിക്കൽ ഓഫിസർമാർ എന്നിവർ സുരക്ഷ വിലയിരുത്തണം. എല്ലാ മെഡിക്കൽ കോളജുകളിലും 'എമർജൻസി അലാം' സ്ഥാപിക്കും. രോഗികളുള്ള എല്ലാപ്രധാനപ്പെട്ട സ്ഥലങ്ങളിലും സിസിടിവി ക്യാമറ സ്ഥാപിക്കണം. മെഡിക്കൽ കോളജ് ക്യാമ്പസിനകത്ത് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണം, അതിന് സ്ഥലം കണ്ടെത്തണം. അത്യാഹിത വിഭാഗങ്ങളിലെ രോഗികളെ വിവരങ്ങൾ അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണം തുടങ്ങിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
അതേസമയം രോഗിയുടെ കൂട്ടിരിപ്പുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അഡ്മിറ്റായ രോഗികൾക്കൊപ്പം ഒരാൾ മാത്രം മതിയെന്നും അത്യാഹിത വിഭാഗത്തിൽ രണ്ട് പേരാകാമെന്നും മാർഗനിർദേശത്തിൽ പറയുന്നു. മാർഗനിർദേശങ്ങൾ നടപ്പാക്കി ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
ഡോ. വന്ദനയുടെ കൊലപാതകത്തിനു ശേഷം ജോലി ചെയ്യാൻ സുരക്ഷിതമായൊരു സാഹചര്യം ഒരുക്കണമെന്ന് വിവിധ ആരോഗ്യസംഘടനകളും മെഡിക്കൽ വിദ്യാർഥികളും ആവശ്യം ഉന്നയിച്ചിരുന്നു. ഇതും കൂടി പരിഗണിച്ച ശേഷമായിരുന്നു തീരുമാനം. അതേസമയം വന്ദനയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ തെളിവെടുപ്പിനെത്തിച്ചു. സന്ദീപിന്റെ അയൽവാസിയുടെ വീടിനു സമീപമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
Adjust Story Font
16