Quantcast

മുമ്പ് എല്ലാ സഭകളിലും ആൾത്താരയിലേക്ക് നോക്കിയായിരുന്നു കുർബാന: ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

'അനൈക്യത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ക്രമം നടപ്പാക്കാൻ പോപ്പ് പറയുകയും സിനഡ് തീരുമാനം എടുക്കുകയും ചെയ്തത്'

MediaOne Logo

Web Desk

  • Updated:

    2021-11-28 06:18:38.0

Published:

28 Nov 2021 3:27 AM GMT

മുമ്പ് എല്ലാ സഭകളിലും ആൾത്താരയിലേക്ക് നോക്കിയായിരുന്നു കുർബാന: ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
X

1965ൽ എല്ലാ സഭകളിലും ആൾത്താരയിലേക്ക് നോക്കി ആയിരുന്നു കുർബാനയെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ ലൂർദ് കത്തീഡ്രലിൽ ഏകീകൃത കുർബാനക്കിടെയാണ് ബിഷപ്പ് വിശദീകരണം നൽകിയത്. അനൈക്യത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ക്രമം നടപ്പാക്കാൻ പോപ്പ് പറയുകയും സിനഡ് തീരുമാനം എടുക്കുകയും ചെയ്തത്. ഭിന്നഭിപ്രായങ്ങൾ അവരുടെ അഭിപ്രായം മാത്രമാണ്. സഭയുടേതല്ല- അദ്ദേഹം പറഞ്ഞു. സഭ ഇപ്പോൾ പല തരത്തിൽ പീഡിപ്പിക്കുകയാണ്. അതിന്റെ കാരണം അനൈക്യമാണ്. ആ ഭിന്നത സീറോ മലബാർ സഭയിലെ കുർബാന ക്രമത്തിലുമുണ്ടായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കുർബാന പരിഷ്‌കരണത്തെ സ്വാഗതം ചെയ്യുന്നവർക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നന്ദി അറിയിച്ചു. ഏകീകരണ കുർബാനക്ക് വേണ്ടിയുള്ള ശ്രമത്തെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച കർദിനാൾ സഭയിൽ ഐക്യവും സമാധാനവും ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞു. എതിർ സ്വരങ്ങളെ ഭയപ്പെടേണ്ടെന്നും ദൈവത്തേക്കാൾ വലുതാണ് തങ്ങളെന്നു ആരും ചിന്തിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുർബാന ദൈവത്തിന്റെ വലിയ ദാനമാണെന്നും അദ്ദേഹം പറഞ്ഞു.

സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം ഇന്ന് മുതൽ നിലവിൽ വന്നിരിക്കുകയാണ്. സഭാ ആസ്ഥാനത്ത് കർദിനാൾ മാർജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുന്നുണ്ട്. എറണാകുളം- അങ്കമാലി അതിരൂപതയിൽ നിലവിലുള്ള ജനാഭിമുഖ കുർബാന തുടരുകയാണ്. മെത്രാപൊലീത്ത ആന്റണി കരിയിൽ വിശ്വാസികളുടെ പ്രതിഷേധം വത്തിക്കാനെ അറിയിച്ചതോടെയാണ് ജനാഭിമുഖ കുർബാന തുടരാൻ അനുമതി ലഭിച്ചത്.

സഭയിൽ നിലവിലുണ്ടായിരുന്ന രണ്ട് വ്യത്യസ്ത കുർബാനയർപ്പണ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന അർപ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുർബാനയിൽ വിശ്വാസപ്രമാണം മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായിട്ടായിരിക്കും അർപ്പിക്കുക. ബാക്കി ഭാഗം ജനാഭിമുഖവും. കുർബാനയിലെ പല പ്രാർഥനകളിലും കാലോചിത പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. വർഷങ്ങൾ നീണ്ട എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നത്. സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്കാണ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുക.

ജനാഭിമുഖ കുർബാനയുമായി മുന്നോട്ടുപോകുമെന്ന ശക്തമായ നിലപാട് ഒരു വിഭാഗം സ്വീകരിച്ചതോടെയാണ് പ്രതിഷേധം മുന്നിൽ കണ്ട് സെന്റ് മേരീസ് ബസലിക്കയിൽ കുർബാന അർപ്പിക്കുന്നതിൽ നിന്ന് കർദിനാൾ പിന്മാറിയത്. പാലക്കാട്, തൃശൂർ, ചങ്ങനാശ്ശേരി, താമരശ്ശേരി അതിരൂപതകളും പരിഷ്‌കരിച്ച കുർബാനക്രമം നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്റണി കരിയിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഏകീകൃത കുർബാനക്രമം എറണാകുളം -അങ്കമാലി അതിരൂപതയിൽ നടപ്പാക്കില്ലെന്ന് അറിയിച്ചത്. ഫരീദാബാദ് രൂപതയും ജനാഭിമുഖ കുർബാന തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

TAGS :

Next Story