ഐഎന്‍എല്ലില്‍ പൊട്ടിത്തെറി: അബ്ദുൽ വഹാബിനെതിരെ പടയൊരുക്കം
കാസിം ഇരിക്കൂർ പക്ഷമാണ് ആരോപണം ഉന്നയിച്ചത്
ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍വഹാബിനെതിരെ പാര്‍ട്ടിയിൽ പടയൊരുക്കം. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലാണ് വഹാബിനെതിരായ നീക്കം. ഇന്നലെ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്‍റ് പദവിയിൽ നിന്ന് വഹാബിനെ മാറ്റാൻ ശ്രമിച്ചത് ബഹളത്തിൽ കലാശിച്ചു.
കാസര്‍ഗോഡ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ഐ.എന്‍.എല്‍ കോട്ടയം ജില്ലാ പ്രസിഡന്‍റായ ജിയാഷ് കരീമിനോട് 20 ലക്ഷം രൂപ എ.പി അബ്ദുല്‍വഹാബ് ചോദിച്ചുവെന്നാണ് കാസിം ഇരിക്കൂര്‍ പക്ഷത്തിന്‍റെ ആരോപണം.പാര്‍ട്ടി നിയോഗിച്ച മൂന്നംഗ സമിതി പ്രാഥമിക അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടും വഹാബിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമമാണ് നടന്നത്. വഹാബിനൊപ്പം നിന്നവര്‍ എതിര്‍പ്പുയര്‍ത്തിയോടെ യോഗം കയ്യാങ്കളിയുടെ വക്കിലെത്തി. അഹമ്മദ് ദേവര്‍കോവിലിന് വേണ്ടി പ്രചാരണത്തില്‍ സജീവമായില്ലെന്ന് ആരോപിച്ച് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ബഷീര്‍ ബഡേരിയേയും,സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ അബ്ദുല്‍ അസീസിനേയും പുറത്താക്കാന്‍ നീക്കം നടന്നുവെങ്കിലും അതും നടന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപെടുത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ മൂന്ന് ജില്ലാ ഭാരവാഹികളെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തിട്ടുണ്ട്.
ചരിത്രത്തില്‍ ആദ്യമായി മന്ത്രി സ്ഥാനം കിട്ടിയതിന്‍റെ സന്തോഷത്തില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ നില്‍ക്കുമ്പോഴാണ് നേതൃത്വത്തിലെ തമ്മിലടി. ഒരു വിഭാഗത്തെ മാത്രം പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Adjust Story Font
16