കൈക്കൂലി ആരോപണം: 'ഏപ്രിൽ 10ന് മൂന്നര മണിമുതൽ രാത്രി ഒമ്പതുവരെ അഖിൽ മാത്യു കൂടെയുണ്ടായിരുന്നു'; ബന്ധു അലൻ
അലന്റെ വിവാഹത്തിൽ അഖില്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു
പത്തനംതിട്ട: കൈക്കൂലി ആരോപണത്തിൽ പരാതിക്കാരൻ പണം കൈമാറി എന്നു പറയുന്ന ദിവസം രാത്രി ഒമ്പതു മണി വരെ അഖിൽ പി മാത്യു ഒപ്പം ഉണ്ടായിരുന്നുവെന്ന് ബന്ധുവായ അലൻ. പരാതിക്കാരനായ ഹരിദാസ് തിരുവനന്തപുരത്ത് വച്ച് പണം കൊടുത്തുവെന്ന് പറയുന്ന ഏപ്രിൽ 10 ന് മൂന്നര മണിമുതൽ അഖിൽ കൂടെയുണ്ടായിരുന്നുവെന്ന് അലൻ മീഡിയവണിനോട് പറഞ്ഞു. ബന്ധുവായ അലന്റെയും ക്രിസ്റ്റീനയുടെയും വിവാഹത്തിന് പങ്കെടുക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വാർത്ത വിവാദമായതിന് പിന്നാലെ അഖിലിനെ വിളിച്ചിരുന്നു. വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയും അയച്ചു കൊടുത്തുവെന്നും അലൻ പറഞ്ഞു.
ഏപ്രിൽ പത്തിന് വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം സെക്രട്ടറിയറ്റിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽവച്ച് അഖിൽ മാത്യുവിന് ഒരുലക്ഷം രൂപ കൊടുത്തുവെന്നാണ് ഹരിദാസിന്റെ ആരോപണം. എന്നാൽ ഈ പറയുന്ന ദിവസം അഖിൽ മാത്യു ബന്ധുവായ അലന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പത്തനംതിട്ടയിലെ കുമ്പഴയിലായിരുന്നു. ഉച്ചയോടെ തുടങ്ങിയ വിവാഹത്തിൽ തുടക്കം മുതൽ വിവാഹ വിരുന്നിൽവരെ അഖിൽ മാത്യു പങ്കെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പള്ളിക്ക് അകത്തും പുറത്തും അഖിൽ മാത്യു നിൽക്കുന്നതും വൈകിട്ട് നടക്കുന്ന വിവാഹവിരുന്നിലും വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് എത്താനനും തിരിച്ചും ബസിൽ സഞ്ചരിച്ചാൽ പോലും രണ്ട് മണിക്കൂറിലേറെ സമയം എടുക്കും. അങ്ങനെയങ്കിൽ അഖിൽ മാത്യു സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് എങ്ങനെ പണം വാങ്ങി എന്ന സംശയമാണ് ഉയരുന്നത്. എന്നാൽ ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകാതെ ഉറച്ച് നിൽക്കുകയാണ് ഹരിദാസ്. അഖിലിന് സെക്രട്ടറിയേറ്റ് മുന്നിൽ വെച്ച് പണം നൽകിയിട്ടുണ്ടെന്നും എന്നാൽ സമയം കൃത്യമായി ഓർമയില്ലെന്നും ഹരിദാസ് പറഞ്ഞു. പുറത്ത് വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
മാത്യു
Adjust Story Font
16