റിമാൻഡ് പ്രതിയുടെ ഫോൺ കാണാനില്ല, പൊലീസ് ദുരുപയോഗം ചെയ്തെന്ന് പരാതി
അമ്പലപ്പുഴ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി
റിമാൻഡ് പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് ദുരുപയോഗം ചെയ്തതായി പരാതി. ആലപ്പുഴ എടത്വ സ്വദേശി സനീഷ് കുമാറിന്‍റെ ഹരജിയിൽ അമ്പലപ്പുഴ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. അതേസമയം മൊബൈൽ ഫോണിനെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ 18നാണ് സനീഷിനെയും സഹോദരങ്ങളെയും അരലിറ്റർ വ്യാജമദ്യം വിറ്റ കേസിൽ എടത്വ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലുമെടുത്തു. 20 ന് റിമാൻഡ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകും മുൻപ്, സനീഷ് തന്‍റെ ഫോണിൽ നിന്ന് അമ്മയെ വിളിച്ചു. പിന്നെ ഫോൺ പൊലീസിന് കൈമാറി. എന്നാൽ സനീഷ് ജയിലിൽ കിടക്കുമ്പോഴും സിം കാർഡും മൊബൈൽ ഫോണും പൊലീസുകാർ ഉപയോഗിച്ചെന്നാണ് പരാതി. ഒരാഴ്ചയോളം ഇന്‍റർനെറ്റ് ഉപയോഗിച്ചതിന്‍റെ രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയാണ്, ഡിജിപിക്ക് അടക്കം പരാതി നൽകിയിരിക്കുന്നത്.
പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും മൊബൈൽ ഫോൺ കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സനീഷും കുടുംബവും ഹരജി നൽകിയിരുന്നു. മൊബൈൽ ഫോൺ എടുത്തിട്ടില്ലെന്നാണ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയത്. തുടർന്ന് ഫോൺ കണ്ടെത്തണമെന്ന നിർദേശം അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കോടതി നൽകിയിട്ടുണ്ട്.
Adjust Story Font
16