വ്യാജ സർട്ടിഫിക്കറ്റ്: നിഖിൽ തോമസിനെതിരെ ആദ്യം ആരോപണം ഉയർന്നത് ഫേസ്ബുക്ക് പേജിൽ
ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജിൽ ഈ ജനുവരിയിലാണ് നിഖിലിനെതിരെ ആദ്യം പരാതി ഉയരുന്നത്
ആലപ്പുഴ: എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ വ്യജഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം ഉയർന്നത് ഫേസ്ബുക്ക് പേജിൽ. കായംകുളം കേന്ദ്രീകരിച്ചുള്ള സി.പി.എം അനുകൂല ഫേസ്ബുക്ക് പേജിലാണ്. ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജിൽ ഈ ജനുവരിയിലാണ് നിഖിലിനെതിരെ ആദ്യം പരാതി ഉയരുന്നത്.
എല്ലാ സെമസ്റ്ററും പൊട്ടിപ്പാളീസായ നിഖിൽതോമസിന് എങ്ങനെയാണ് എം.എസ്.എം കോളജിൽ എം.കോമിന് അഡ്മിഷൻ ലഭിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. വേറെ ഏതോ യൂണിവേഴ്‌സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയാണ് അഡ്മിഷൻ എടുത്തതെന്നും ഫേസ്ബുക്കിൽ ആരോപിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.യു വിവരാവകാശ അപേക്ഷ നൽകിയെങ്കിലും എം.എസ്.എം കോളജ് മറുപടി നൽകിയിരുന്നില്ല. അഞ്ചുമാസത്തിനിപ്പുറമാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അഡ്മിഷൻ നേടിയ വിവരം പുറത്താകുന്നത്. നിഖിലിന് വേണ്ടി രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കഴിഞ്ഞ ദിവസം എം.എസ്.എം കോളജ് മാനേജ്മെന്‍റ് സമ്മതിച്ചിരുന്നു. ഒരു സിപിഎം നേതാവ് ഇതിനായി ഇടപെട്ടെന്നും എന്നാല്‍ പേര് വെളിപ്പെടുത്തില്ലെന്നും കോളജ് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നേരത്തെ ഈ വിവരം അറിഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
വ്യാജസർട്ടിഫിക്കറ്റിൽ കായംകുളം എംഎസ്എം കോളജിന് സർവകലാശാലയുടെ താക്കീത് നല്‍കിയിട്ടുണ്ട്. എം.എസ്.എം കോളേജ് ഇന്ന് മറുപടി നൽകിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് കേരള വിസി മോഹനൽ കുന്നുമ്മൽ പറഞ്ഞു.
അതേസമയം, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തേടിയത്. ഒളിവിലുള്ള നിഖിൽ തോമസിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16