'വീണയും എക്‌സാലോജിക്കും ഐ.ജി.എസ്.ടി അടച്ചിട്ടുണ്ട്, തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമോ'; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് എ.കെ ബാലൻ
സർക്കാറിന്റെ ഭാഗവാക്കല്ലാത്തവരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ നികുതിവെട്ടിപ്പ് ആരോപണത്തിൽ മാത്യൂ കുഴൽനാടനെ വെല്ലുവിളിച്ച് സി.പി.എം. വീണയും എക്‌സാലോജിക്കും ഐജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് തെളിയിച്ചാൽ മാത്യു കുഴൽനാടൻ എം.എൽ.എ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന് എ.കെ ബാലൻ ചോദിച്ചു.
'ഐജിഎസ്ടി കൊടുത്തിട്ടില്ല എന്ന് പറയാൻ എവിടെ നിന്നാണ് മാത്യുവിന് വിവരങ്ങൾ ലഭിച്ചത്.ഓരോ മാസവും ഐജിഎസ്ടി 18 ശതമാനം നൽകിയിട്ടുണ്ട്.അത്രയും സുതാര്യമാണ് കമ്പനിയുടെ പ്രവർത്തനം. ഒരു സ്ത്രീയായിപ്പോയി, മുഖ്യമന്ത്രിയുടെ മകളായിപോയി എന്നതുകൊണ്ട് മാത്രം വീണയെ വേട്ടയാടുകയാണ്. ഈ കേസിൽ വീണ കോടതിയുടെ മുറ്റം പോലും കാണില്ലെന്നും ബാലൻ പറഞ്ഞു.
'റിയാസിനെതിരായ ആരോപണവും കോടതിയുടെ മുറ്റം കാണില്ല. എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഏജൻസികൾ നോട്ടീസ് കൊടുക്കും. എല്ലാ ദിവസവും അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മാത്യു കുഴൽനാടൻ'. വീണ കരാർ പ്രകാരമുള്ള സേവനം നൽകിയിട്ടില്ലെന്ന് എങ്ങനെയാണ് പറയാൻ കഴിയുകയെന്നും ബാലൻ ചോദിച്ചു.
സർക്കാറിന്റെ ഭാഗവാക്കല്ലാത്തവരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.'ചിലർക്ക് എൽ.ഡി.എഫിനെ അധികാരത്തിൽ എത്തിച്ചത് ദഹിക്കാത്ത പ്രശ്‌നമാണ്. ചിലർക്ക് അത് അതോർത്ത് ഉറക്കമില്ല. അതിന് മരുന്ന് കഴിക്കുകയൊ വ്യായാമം ചെയ്യുകയോയാണ് വേണ്ടത്. മിണ്ടാതിരുന്നാൽ ഉത്തരം മുട്ടി എന്ന് മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നു. മുന്നോട്ട് നടന്നാൽ മാധ്യമങ്ങളെ ആക്രമിച്ചു എന്നും പിറകോട്ട് നടന്നാൽ പേടിച്ച് പിന്തിരിഞ്ഞോടി എന്നും മാധ്യമങ്ങൾ വാർത്ത നൽകുന്നു'. വിവാദങ്ങളിൽ മറുപടി പറഞ്ഞിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.
Adjust Story Font
16