മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരം അലോപതി ഡോക്ടര്‍മാര്‍ക്ക്; എതിര്‍പ്പുമായി ആയുഷ് ഡോക്ടര്‍മാര്‍
നിയമം നിലവിൽ വന്നാൽ കോടതിയില്‍ ചോദ്യം ചെയ്യാനാണ് ആയുഷ് വിഭാഗം ഡോക്ടര്‍മാരുടെ തീരുമാനം
തിരുവനന്തപുരം: പകര്‍ച്ചവ്യാധി രോഗങ്ങളുണ്ടായാല്‍ രോഗമുക്തി സര്‍ട്ടിഫിക്കറ്റ് അലോപ്പതി ഡോക്ടര്‍മാര്‍ മാത്രം അനുവദിക്കുന്ന തരത്തില്‍ കേരള പൊതുജനാരോഗ്യ നിയമം തയാറാകുന്നു. ബില്ലിലെ വ്യവസ്ഥപ്രകാരം ആയുഷ് വിഭാഗം ഡോക്ടര്‍മാര്‍ക്ക് ഇത്തരം അസുഖങ്ങള്‍ക്ക് രോഗമുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ല. നിയമം നിലവിൽ വന്നാൽ കോടതിയില്‍ ചോദ്യം ചെയ്യാനാണ് ആയുഷ് വിഭാഗം ഡോക്ടര്‍മാരുടെ തീരുമാനം.
ഡെങ്കിപ്പനി,ചിക്കന്‍പോക്സ്, ചെങ്കണ്ണ് തുടങ്ങി അമ്പതില്‍ അധികം പകര്‍ച്ചവ്യാധികളുണ്ടായവര്‍ക്ക് രോഗം ഭേദമായെന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഏത് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്കും നല്‍കാമായിരുന്നു. കേരള പൊതുജനാരോഗ്യ ബില്ലിന്റെ കരട് വ്യവസ്ഥ പ്രകാരം മെഡിക്കല്‍ ഫിറ്റ്നനസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം അലോപതി ഡോക്ടര്‍മാര്‍ക്ക് മാത്രമാണ്. നിലവില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനിയിലുള്ള ബില്‍ നിയമസഭ പാസ്സാക്കിയാല്‍ രോഗം ഭേദമായെന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആയുഷ് ഡോക്ടര്‍മാര്‍ക്ക് നല്‍കാനാകില്ല
എന്നാൽ കേന്ദ്രനിയമത്തിന് എതിരാണ് ബില്ലിലെ ഈ വ്യവസ്ഥയെന്ന് ആയുഷ് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യമേഖലയിലെ നിയമങ്ങള്‍ ഏകീകരിക്കാനാണ് കേരള പൊതുജനാരോഗ്യബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന്റെ മറവില്‍ ആയുഷ് വിഭാഗങ്ങളെ തഴയുന്നുവെന്നും ഡോക്ടര്‍മാര്‍ക്കിടയില്‍ തരംതിരിവുണ്ടാക്കുന്നുവെന്നുമാണ് ആക്ഷേപം. വിദേശരാജ്യങ്ങളിലടക്കം പോകുന്നവര്‍ക്ക് ഉപകാരപ്പെടുന്നതിനായാണ് മെഡിക്കല്‍ ഫിറ്റ്നസ് അനുവദിക്കാന്‍ അലോപതി ഡോക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Adjust Story Font
16