എട്ട് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ് മാത്രം; കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകളും തുറന്നു
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്‍റെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കി. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതാണ് ജലനിരപ്പ് താഴാതിരിക്കാനുള്ള കാരണം
എട്ട് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ് മാത്രം. 138.80 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതാണ് ജലനിരപ്പ് താഴാതിരിക്കാനുള്ള കാരണം. അതിനിടെ കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ രാത്രി തുറന്നു.
2618.20 ഘനയടി വെള്ളമാണ് ഡാമിലേക്ക് എത്തുന്നത്. എട്ട് സ്പില്‍വേ ഷട്ടറുകള്‍ വഴി 3813.20 ഘനയടിയാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്‍റെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കി. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ നാളെ ഡാം സന്ദർശിക്കും. ഡാമിന്‍റെ സ്ഥിതി വിലയിരുത്താനാണ് സന്ദർശനം.
അതേസമയം, ഇടുക്കി കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ രാത്രി പത്ത് മണിക്ക് തുറന്നു. ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 823.5 മീറ്ററിലെത്തിയതോടെയാണ് ഡാം പത്ത് സെന്‍റീമീറ്റര്‍ തുറന്നത്. സെക്കന്‍റില്‍ പത്ത് ഘനയടി വെള്ളം പുറത്തേക്കൊഴുകുന്നുണ്ട്. കല്ലാർ പുഴയുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കി.
രാത്രി പത്ത് മണിയോടെ നെടുങ്കണ്ടം പാലാറില്‍ മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല. ഗതാഗതം തടസപ്പെട്ടു. ഹൈറേഞ്ചില്‍ ശക്തമായ മഴ പെയ്തു. തൂക്കുപാലം പാമ്പുമുക്കില്‍ വീടുകളില്‍ വെള്ളം കയറി. ജില്ലയില്‍ ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്നുണ്ട്.
Adjust Story Font
16