ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന്
കുട്ടി പഠിച്ചിരുന്ന സ്കൂളിൽ രാവിലെ 7 മണി മുതൽ പൊതുദർശനം
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അസ്ഫാക്കിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 7 മണി മുതൽ കുട്ടി പഠിച്ചിരുന്ന സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ബിഹാര്‍ ദമ്പതികളുടെ മകളെ കൂട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി അസ്ഫാഖ് ആലം, ലൈംഗികമായി പീഡിപ്പിച്ച ശേഷം കുട്ടിയെ കൊന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുമായി പോയ അസ്ഫാക്ക് ആലുവ മാർക്കറ്റ് ഭാഗത്തേക്ക് പോവുകയും മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന ഭാഗത്തെത്തിച്ച് ഉപദ്രവിക്കുകയുമായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മൃതദേഹം ചാക്കിൽ കെട്ടി ചെളിയിൽ താഴ്ത്തിയ നിലയിലായിരുന്നു. അസ്ഫാക്കിനെതിരെ പോക്സോ വകുപ്പും ചുമത്തി.
അസ്ഫാക്ക് കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പിടികൂടുമ്പോൾ മദ്യലഹരിയിലായിരുന്നു പ്രതി. കുട്ടിയെ കൈമാറി എന്നതടക്കമുള്ള മൊഴി നൽകി പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിനൊടുവിലാണ് കൊലപാതക വിവരം പുറത്തുവന്നത്. തെളിവെടുപ്പിന് എത്തിച്ച പ്രതിക്ക് നേരെ നാട്ടുകാര്‍ രോഷാകുലരായി പാഞ്ഞടുത്തതോടെ ജീപ്പിന് പുറത്തിറക്കാനായില്ല.
Adjust Story Font
16