Quantcast

മാലിന്യം വലിച്ചെടുക്കാനുള്ള ശ്രമം പരാജയം; ജോയിക്കായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

കനാലിൽ മാലിന്യം നീക്കുന്നതിനെ ചൊല്ലി പരസ്പരം പഴിചാരി കോർപറേഷനും റെയിൽവേയും

MediaOne Logo

Web Desk

  • Updated:

    2024-07-14 15:20:21.0

Published:

14 July 2024 3:19 PM GMT

Amayizhanjan rescue operation
X

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിക്കായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. 32 മണിക്കൂർ പിന്നിട്ടിട്ടും ലക്ഷ്യം കാണാഞ്ഞതിനെ തുടർന്നാണ് തെരച്ചിൽ ഇന്നത്തേക്ക് നിർത്തിയത്. രക്ഷാദൗത്യം അവസാനിപ്പിച്ചതായി സ്‌കൂബയും ഫയർ ഫോഴ്‌സും അറിയിച്ചു. വൈകിട്ടോടെ നാവികസേനയും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും വൈകുകയാണ്.

ഇന്ന് പുലർച്ചെ മുതൽ രണ്ട് രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങളാണ് നടന്നത്. ജോയിയെ കാണാതായ സ്ഥലത്തും മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ മാൻഹോളിലും ഇറങ്ങി സ്‌കൂബാ ടീം നടത്തിയ പരിശോധനയും ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപമുള്ള മാൻഹോളിലേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്തുള്ള ദൗത്യവും. കനാലിന്റെ ടണലുകളിൽ മാലിന്യം കെട്ടുകൂടി കിടക്കുന്നതിനാൽ അധികദൂരം മുന്നോട്ട് പോകാൻ സ്‌കൂബാ ടീമിനായിരുന്നില്ല. വെള്ളം പമ്പ് ചെയ്ത് മാലിന്യം നീക്കാൻ ഫയർഫോഴ്‌സിനുമായില്ല

മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ജോയിയെ കാണാതായ സ്ഥലത്തിന് തൊട്ടുമുമ്പ് തടയണ നിർമിച്ചാണ് ഇനിയുള്ള രക്ഷാപ്രവർത്തനം. ഇതിന് ശേഷം തോട്ടിൽ വെള്ളം നിറയ്ക്കും. ഇങ്ങനെ ചെയ്താൽ മാൻഹോളിന്റെ ഭാഗത്തും ടണൽ തുറന്നു വരുന്ന ഭാഗത്തും വെള്ളം ഒഴുകിയെത്താൻ സാധ്യതയേറും. മൃതദേഹം എവിടെയെങ്കിലും തങ്ങി നിൽക്കുന്നുണ്ടെങ്കിലും അങ്ങനെ ഒഴുകിയെത്തും എന്നാണ് പ്രതീക്ഷ. ഇത് നാളെ രാവിലെയോട് കൂടിയേ ഉണ്ടാകൂ. കൊച്ചിയിൽ നിന്ന് നാവികസേന എത്താൻ വൈകുന്നതിനാൽ ഇവരുടെ പ്രവർത്തനവും നാളെയേ കാണൂ എന്നാണ് സൂചന.

ഇതിനിടെ കനാലിൽ മാലിന്യം നീക്കുന്നതിനെ ചൊല്ലി പരസ്പരം പഴിചാരുകയാണ് കോർപറേഷനും റെയിൽവേയും. തോട് വൃത്തിയാക്കേണ്ടത് കോർപറേഷനാണെന്നും കോർപറേഷൻ അസൗകര്യം പറഞ്ഞപ്പോൾ തങ്ങൾ മാലിന്യം നീക്കാൻ ശ്രമിച്ചിരുന്നുവെന്നുമാണ് റെയിൽവേ അഡീഷണൽ ഡിവിഷൻ മാനേജർ എം.വിജി പറയുന്നത്. എന്നാൽ ഈ വാദം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തള്ളി. റെയിൽവേയുടെ മാലിന്യ സംസ്‌കരണ പ്ലാന്റ് എവിടെയാണെന്ന് കാണിച്ചു തരണമെന്നായിരുന്നു മേയറുടെ വെല്ലുവിളി.

TAGS :

Next Story