അമ്പലമുക്ക് കൊലപാതകം; കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി,പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം
അതിനിടെ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസ് സമയോചിതമായി ഇടപെട്ടതോടെ വലിയ പ്രശ്‌നങ്ങളുണ്ടായില്ല
അമ്പലമുക്കിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. വാഷ് ബേസിനകത്തെ പെപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കത്തി കണ്ടെത്തിയത്. അതിനിടെ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസ് സമയോചിതമായി ഇടപെട്ടതോടെ വലിയ പ്രശ്‌നങ്ങളുണ്ടായില്ല.
പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന വസ്ത്രം കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനിടെ മുട്ടടയിലെ കുളത്തിൽനിന്നാണ് പ്രതി രാജേന്ദ്രന്റെ ഷർട്ട് കണ്ടെടുത്തത്. അമ്പലമുക്കിലെ കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട്, ചോരപുരണ്ട വസ്ത്രം കുളത്തിൽ ഉപേക്ഷിച്ചെന്ന് പ്രതി നേരത്തെ മൊഴി നൽകിയിരുന്നു.
ഫെബ്രുവരി ആറാം തീയതി ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളിൽ വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലോക്ഡൗൺ ദിനത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യമണിക്കൂറുകളിൽ പ്രതിയെക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിൽനിന്നാണ് രാജേന്ദ്രൻ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതി രാജേന്ദ്രനാണെന്ന് തിരിച്ചറിയുകയുമായിരുന്നു. നേരത്തെ അഞ്ചുപേരെ കൊലപ്പെടുത്തിയ കൊടുംക്രിമിനലായ രാജേന്ദ്രനെ തമിഴ്‌നാട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്.
Adjust Story Font
16