Quantcast

അമ്പലവയല്‍ കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച കോടാലി കണ്ടെത്തി, കുറ്റസമ്മതമൊഴി ആവര്‍ത്തിച്ച് പെണ്‍കുട്ടികളുടെ അമ്മ

മൃതദേഹത്തില്‍ നിന്നും കാല്‍‌ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊല്ലപ്പെട്ട മുഹമ്മദിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി.

MediaOne Logo

Web Desk

  • Published:

    29 Dec 2021 6:46 AM GMT

അമ്പലവയല്‍ കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച കോടാലി കണ്ടെത്തി, കുറ്റസമ്മതമൊഴി ആവര്‍ത്തിച്ച് പെണ്‍കുട്ടികളുടെ അമ്മ
X

വയനാട് അമ്പലവയലില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്തി. അമ്മയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളുമാണ് കീഴടങ്ങിയത്. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.

പെണ്‍കുട്ടികളുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ബാഗും കണ്ടെടുത്തു. മൃതദേഹത്തില്‍ നിന്നും കാല്‍‌ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊല്ലപ്പെട്ട മുഹമ്മദിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടുനിന്നു.

പെണ്‍കുട്ടികളല്ല കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന നേരത്തെ പറയുകയുണ്ടായി. തന്‍റെ സഹോദരനാണ് കൊലയ്ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു- "എന്‍റെ ഇക്കാക്കയ്ക്ക് ഒരു കണ്ണിന്‍റെ കാഴ്ച പോയി, മറ്റേ കണ്ണിന് 10 ശതമാനമേ കാഴ്ചയുള്ളൂ. മെഡിക്കല്‍ കോളജില്‍ നാളെ പോകാനിരുന്നതാണ്. അങ്ങനത്തെ മനുഷ്യന്‍ ഒരു ഉപദ്രവം ചെയ്തെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കൂല്ല. എന്‍റെ ഇക്കാക്കയെ കൊന്നിട്ടുണ്ടെങ്കില്‍ അത് ആങ്ങളയും ആങ്ങളയുടെ മകനുമാണ്. പെണ്‍കുട്ടികള്‍ക്ക് കഴിയൂല്ല അങ്ങനെ കാലും കയ്യും വെട്ടിയിട്ട് ചാക്കില്‍ കെട്ടി കൊണ്ടിടാന്‍. എന്‍റെ ആങ്ങള ഒന്നര മാസം മുന്‍പ് ഇക്കാക്കയെ കണ്ടോളാമെന്ന് പറഞ്ഞിരുന്നു. കൊന്നിട്ട് ആങ്ങളയും ആങ്ങളയുടെ മകനും തടി രക്ഷപ്പെടുത്തിയതാണ്. എനിക്ക് നീതി കിട്ടണം"- സക്കീന മീഡിയവണിനോട് പറഞ്ഞു.

സക്കീന ആരോപണം ഉന്നയിച്ചയാളുടെ മുന്‍ ഭാര്യയും മക്കളുമാണ് കീഴടങ്ങിയത്. സക്കീന പറയുന്നത് തന്‍റെ സഹോദരനുവേണ്ടി മുന്‍ ഭാര്യയും മക്കളും കുറ്റം ഏല്‍ക്കുകയായിരുന്നുവെന്നാണ്. വാടക പോലും വാങ്ങാതെയാണ് സ്ത്രീയെയും കുട്ടികളെയും അവിടെ താമസിപ്പിച്ചിരുന്നത്. ഒരു കുടുബം പോലെയാണ് കഴിഞ്ഞിരുന്നത്. ഇവരെ സംരക്ഷിച്ചതുകൊണ്ട് അനിയന് മുഹമ്മദിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും സക്കീന പറയുന്നു. അങ്ങനെയെങ്കില്‍ എന്തിന് അമ്മയും കുട്ടികളും കുറ്റസമ്മതം നടത്തിയെന്ന് വ്യക്തമല്ല. സ്ത്രീ കുറ്റസമ്മതത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സക്കീനയുടെ ആരോപണം പൊലീസ് നിലവില്‍ മുഖവിലയ്ക്കെടുത്തില്ല. സക്കീന പറയുന്ന സഹോദരന്‍ സുബൈര്‍ സംഭവം നടക്കുമ്പോള്‍ വീടുപണി നടക്കുന്ന സ്ഥലത്തായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. അമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും 68 വയസ്സുകാരനായ മുഹമ്മദും തമ്മിൽ ഉന്തും തള്ളും ഉണ്ടായെന്നാണ് മൊഴി. വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പെൺകുട്ടികൾ മുഹമ്മദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം ചാക്കിൽ കെട്ടി വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ തള്ളിയ നിലയിലായിരുന്നു. കാൽ മുറിച്ചുമാറ്റി വീടിന് തൊട്ടടുത്തുള്ള മാലിന്യ പ്ലാന്‍റിന് സമീപവും ഉപേക്ഷിച്ചു. പിന്നീട് മൂന്ന് മണിയോടെ അമ്മയും പെൺകുട്ടികളും പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.



TAGS :

Next Story