Quantcast

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2024-05-16 12:24:34.0

Published:

15 May 2024 7:51 AM GMT

Amebic Meningitis, Malappuram,Brain-Eating Amoeba ,അമീബിക് മസ്തിഷ്ക ജ്വരം,മലപ്പുറം
X

മലപ്പുറം: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലുള്ളത്. മൂന്നിയൂരിലെ പുഴയിൽ നിന്നാണ് രോഗ ബാധയേറ്റതെന്നാണ് സംശയം. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്നാണ് വിവരം.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം

നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. എന്നാൽ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ, അമീബ വെള്ളത്തിൽ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.

കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ അപൂർവം ചിലരിൽ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛർദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന രോഗലക്ഷണങ്ങൾ. എല്ലാ മസ്തിഷകജ്വരത്തിലും ലക്ഷണങ്ങൾ ഇങ്ങനെയൊക്കെ തന്നെ. രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികിൽസിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്.

അമീബിക് മസ്തിഷ്കജ്വരം തടയുന്നതെങ്ങനെ?

* സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക

* പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

* നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക

* മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക

* തല വെള്ളത്തിൽ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകൽ, അതുപോലെയുള്ള മതപരമായ ചടങ്ങുകൾ എന്നിവ ഒഴിവാക്കുക.

* നസ്യം പോലുള്ള ചികിൽസാ രീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

കടപ്പാട്: ഡോ. മോഹന്‍ദാസ് നായര്‍, ഡോ. നീത ഹുസൈന്‍(ഇന്‍ഫോക്ലിനിക്)

TAGS :

Next Story