Quantcast

അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു

രോഗം സ്ഥിരീകരിച്ച മൂന്നിയൂർ പഞ്ചായത്തിൽ ജാഗ്രത തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    21 May 2024 5:56 AM GMT

Amoebic encephalitis
X

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ഫദ്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു. മൂന്നിയൂർ സ്വദേശി ഹസ്സൻ കോയയുടെയുടെയും ഫസ്നയുടെയും മകളാണ് ഫദ്‌വ. ഇന്നലെ രാത്രിയാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്നിയൂർ പഞ്ചായത്തിൽ ജാഗ്രത തുടരുകയാണ്.

മൂന്നിയൂറിലെ കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കൽ കോളജിൽ വച്ചാണ് ഫദ്വയ്ക്ക് അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകൾ നൽകി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയിൽ ഈ രോഗത്തിന് മരുന്നില്ലാത്തതിനാൽ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.

കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജിൽ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഈ നാല് കുട്ടികൾ രോഗലക്ഷണങ്ങൾ മാറിയതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു. 100 ശതമാനത്തിനടുത്ത് മരണനിരക്കുള്ള രോഗമാണ് മസ്തിഷ്‌ക ജ്വരമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.

TAGS :

Next Story