കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 14കാരന്
കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ള കോഴിക്കോട് പയ്യോളി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ഫലം ഇന്ന് വൈകീട്ടോടെയാണ് പുറത്തുവന്നത്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
നേരത്തെ, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു കുട്ടി മരിച്ചിരുന്നു. കോഴിക്കോട് ഫറോഖ് സ്വദേശിയായ 14കാരൻ മൃദുൽ ആണ് മരിച്ചത്. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലെ അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗലക്ഷണം കണ്ടത്. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്.
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. രോഗവുമായി ബന്ധപ്പെട്ട ആശങ്കയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലായിരുന്നു നിർദേശം. വ്യത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്നും സ്വിമ്മിങ്ങ് പൂളുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളിലാണ് ഈ അസുഖം കൂടുതലായും കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിങ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നത് രോഗം തടയാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16