മുഖ്യമന്ത്രിക്കെതിരായ വിധി സഭക്ക് പരിശോധിക്കാം; ലോകായുക്ത നിയമഭേദഗതിയിൽ ബദൽ നിർദേശം പരിഗണനയിൽ
സിപിഐ മുന്നോട്ടുവെച്ച ബദൽ നിർദേശങ്ങൾ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. സബ്ജക്ട് കമ്മിറ്റിയിലോ വകുപ്പ് തല ചർച്ചയിലോ ഭേദഗതിയായി കൊണ്ടുവരും.
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ ബദൽ നിർദേശങ്ങൾ പരിഗണനയിൽ. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരാണെങ്കിൽ പുനഃപരിശോധന നടത്താൻ നിയമസഭയേയും, മന്ത്രിമാർക്ക് എതിരാണെങ്കിൽ മുഖ്യമന്ത്രിയേയും, എംഎൽഎമാർക്ക് എതിരാണെങ്കിൽ സ്പീക്കർക്കും പുനഃപരിശോധിക്കാം എന്ന തരത്തിൽ നിയമഭേദഗതി നടത്താമെന്നാണ് ഏറ്റവും ഒടുവിൽ ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന നിർദേശം.
സിപിഐ മുന്നോട്ടുവെച്ച ബദൽ നിർദേശങ്ങൾ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. സബ്ജക്ട് കമ്മിറ്റിയിലോ വകുപ്പ് തല ചർച്ചയിലോ ഭേദഗതിയായി കൊണ്ടുവരും. ലോകായുക്ത വിധിയുടെ പുനഃപരിശോധനക്ക് സ്വതന്ത്രസമിതി എന്ന സിപിഐയുടെ നിർദേശത്തിൽ നിയമപ്രശ്‌നമുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ സമവായ നിർദേശം ഉയർന്നുവന്നത്.
കഴിഞ്ഞ ദിവിസം എകെജി സെന്ററിലാണ് സിപിഐ നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമമന്ത്രി പി. രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പുണ്ടെന്ന് കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16