Quantcast

'നെഹ്‌റുവിന്റെ ജനാധിപത്യ ബോധത്തെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്'; വാക്കുപിഴ പറ്റിയെന്ന് കെ. സുധാകരൻ

കോൺഗ്രസിനെയും യു.ഡി.എഫിനെയും സ്‌നേഹിക്കുന്നവർക്കുണ്ടായ വേദനയിൽ ദുഃഖമുണ്ടെന്നും ഗാന്ധിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടുമെന്നും കെ. സുധാകരൻ

MediaOne Logo

Web Desk

  • Updated:

    2022-11-14 16:15:45.0

Published:

14 Nov 2022 4:07 PM GMT

നെഹ്‌റുവിന്റെ ജനാധിപത്യ ബോധത്തെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്; വാക്കുപിഴ പറ്റിയെന്ന് കെ. സുധാകരൻ
X

കോഴിക്കോട്: നെഹ്‌റു വർഗീയ ഫാഷിസ്റ്റുകളോട് സന്ധി ചെയ്തെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. നെഹ്‌റുവിന്റെ ജനാധിപത്യ ബോധത്തെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. തനിക്ക് വാക്കുപിഴ പറ്റിയെന്നും കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് കെ. സുധാകരന്റെ വിശദീകരണം.

വാക്കുപിഴ മനസ്സിൽ പോലും ഉദ്ദേശിക്കാത്ത തലത്തിലെത്തി. കോൺഗ്രസിനെയും യു.ഡി.എഫിനെയും സ്‌നേഹിക്കുന്നവർക്കുണ്ടായ വേദനയിൽ ദുഃഖമുണ്ടെന്നും ഗാന്ധിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. കോൺഗ്രസുകാരനായി മരിക്കാനാണ് ഇഷ്ടമെന്നും കെ. സുധാകരൻ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന

കണ്ണൂർ ഡിസിസി നടത്തിയ നവോത്ഥാന സദസ്സിൽ ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയർത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചത്. എതിർ ശബ്ദങ്ങളെപ്പോലും കേൾക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തിൽ പരാമർശിക്കാനുമാണ് ശ്രമിച്ചത്.

ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖർജിയെയും കോൺഗ്രസിനോടും നെഹ്റുവിനോടും രാഷ്ട്രീയമായി വിയോജിച്ചിരുന്ന ബി.ആർ.അംബേദ്കറേയും പ്രഥമമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് ഓർമിപ്പിച്ചിരുന്നു.പ്രതിപക്ഷമില്ലാത്ത പാർലമെന്റിന്റെ പ്രവർത്തനം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന തിരിച്ചറിവിൽ കേവലം 16 അംഗങ്ങൾ മാത്രമുള്ള, മതിയായ അംഗസംഖ്യ പോലുമില്ലാത്ത സിപിഐ നേതാവായ എ.കെ.ഗോപാലന് പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്തതും അതെ പ്രസംഗത്തിൽ തന്നെ സൂചിപ്പിച്ചിരുന്നു.നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യബോധത്തിന്റെ ചരിത്രത്താളുകളിൽ ശേഷിക്കുന്ന തെളിവുകളായിട്ടാണ് ഞാൻ അതിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ഫാസിസ്റ്റു മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ കണ്ണാടി വെച്ചുകൊടുക്കാൻ വേണ്ടിയാണു അത്രയും പറഞ്ഞു വെച്ചത്.എതിർ ശബ്ദങ്ങളെപ്പോലും പരിഗണിക്കുകയെന്നത് ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യമാണെന്ന് ഓർമപ്പെടുത്തുകയാണ് നെഹ്റു അനുസ്മരണ പ്രഭാഷണത്തിലൂടെ ഞാൻ ചെയ്തത്.

ഉജ്ജ്വലമായ പോരാട്ടത്തിലൂടെ രാജ്യത്തെ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും സ്വതന്ത്രമാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയിൽ എല്ലാ കക്ഷികൾക്കും പങ്കാളിത്തമുണ്ടാകണമെന്ന രാഷ്ട്രീയ ബോധമാണ് ഉയർത്തിപ്പിടിച്ചത്.എന്നാൽ 1952ലെ പ്രഥമ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന എതിരാളി ശ്യാമപ്രസാദ് മുഖർജിയുടെ ഭാരതീയ ജനസംഘം തന്നെയായിരുന്നു. തെര ഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റിൽ മാത്രം അതിനെ തളച്ചിടാനും നെഹ്റുവിനും കോൺഗ്രസിനും സാധിച്ചു. 1957ലും 1964ലും സംഘപരിവാറിനെ പരാജയപ്പെടുത്തി വിജയമാവർത്തിക്കാൻ നെഹ്റുവിനു സാധിച്ചു. ആ തെരെഞ്ഞെടുപ്പുകളിലൊന്നും അവർ രണ്ടാം കക്ഷി പോലുമായിരുന്നില്ല.എന്നാൽ 1977ൽ സംഘപരിവാർ പ്രതിനിധികളായ എ. ബി. വാജ്പേയിയെയും എൽ കെ അദ്വാനി യെയും മന്ത്രിമാരാക്കിയത് കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ചേർന്നാണ് എന്ന വസ്തുത നാം മറക്കരുത്.

വർഗീയ ശക്തികളുമായി ചേർന്ന് ഒരിക്കലും തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കരുതെന്നും എത്ര തിരഞ്ഞെടുപ്പുകൾ പരാജയപ്പെട്ടാലും വർഗീയ ശക്തികളുമായി സന്ധി ചെയ്യരുതെന്നും ജവഹർലാൽ നെഹ്റു ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതു പൊതു നിലപാടായി സ്വീകരിച്ചു സംഘപരിവാർ ശക്തികളുമായി തിരഞ്ഞെടുപ്പു സഖ്യത്തിലേർപ്പെടാത്ത ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. വലിയ ജനാധിപത്യം വിളമ്പുന്ന സിപിഎം പോലും ബിജെപിയുമായും സംഘപരിവാർ ശക്തികളുമായും പലപ്പോഴായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയെന്നത് പരസ്യമായ വസ്തുതയാണ്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ബംഗാളിൽ സഹകരണ സംഘം തിരഞ്ഞെടുപ്പിലെ ബിജെപി-സിപിഎം സഖ്യം.

നെഹ്റുവിനെ തമ്സക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോൺഗ്രസ്സ് മുക്ത ഭാരതം പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങൾ ഓർമ്മപ്പെടുത്താനാണ് എന്റെ പ്രസംഗത്തിൽ പഴയകാല ചരിത്രം പരാമർശിച്ചത്. എന്നാൽ അതിനിടയിലുണ്ടായ വാക്കുപിഴ ഞാൻ മനസ്സിൽപോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചത്. അത് കോൺഗ്രസിനെയും യുഡിഎഫിനെയും എന്നെയും സ്നേഹിക്കുന്നവർക്ക് ഇടയിലുണ്ടാക്കിയ വേദനയിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. സംഘപരിവാർ,ഫാസിസ്റ്റ് ശക്തികൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച നെഹ്റുവിന്റെ പിന്മുറക്കാരനായ പൊതുപ്രവർത്തകനാണ് ഞാൻ. സംഘപരിവാർ,ഫാസിസ്റ്റ് ശക്തികളെ ഒന്നാമത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള പൊതുപ്രവർത്തന ശൈലിയാണ് എന്റെത്. എല്ലാ വർഗീയതയെയും ഒരുപോലെ എതിർക്കുക എന്നതാണ് എന്റെയും എന്റെ പാർട്ടിയുടെയും നിലപാട്. അതിന് എനിക്ക് കിട്ടിയ ജനകീയ അംഗീകാരമാണ് തിരഞ്ഞെടുപ്പുകളിലെ വിജയം. എന്നെ സ്നേഹിക്കുന്ന നല്ലവരായ ജനാധിപത്യ മതേതര ബോധമുള്ള ആർക്കും എന്റെ നിലപാടുകളെ സംശയത്തോടെ നോക്കി കാണാൻ കഴിയില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്. ഏതെങ്കിലും പഴയ കാല ഓർമപ്പെടുത്തലുകളെ എന്റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടും എന്നതാണ് എന്റെ രാഷ്ട്രീയം. കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയും എന്റെ പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും.എനിക്ക് ഒരു മുഖമേയുള്ളുവെന്ന് എന്നെ അറിയുന്നവർക്കറിയാം. കോൺഗ്രസിൽ ജനിച്ച്,കോൺഗ്രസുകാരനായി വളർന്ന്,കോൺഗ്രസുകാരനായി പ്രവർത്തിച്ച്, കോൺഗ്രസുകാരനായി മരിക്കാനാണ് എനിക്ക് ഇഷ്ടം.

TAGS :

Next Story