'വിഴിഞ്ഞത്ത് നടന്നത് കലാപശ്രമം, കലാപത്തിന് ശ്രമിച്ചതാകട്ടെ മതമേലധ്യക്ഷൻമാരും'; കേസുകൾ പിൻവലിക്കരുതെന്ന് പൊലീസ് അസോസിയേഷൻ
'അക്രമികള്‍ വിഴിഞ്ഞത്ത് കാണിച്ചത് മൃഗങ്ങള്‍ പോലും ലജ്ജിക്കുന്ന കാര്യം'
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസിനെതിരായി നടന്ന അതിക്രമത്തിൽ കേസുകൾ പിൻവലിക്കരുതെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് വിഴിഞ്ഞത്ത് നടന്നത്. പൊലീസിനെ വെടിവെപ്പിലേക്ക് നയിക്കാനായിരുന്നു ശ്രമം. അക്രമികള്‍ വിഴിഞ്ഞത്ത് കാണിച്ചത് മൃഗങ്ങള്‍ പോലും ലജ്ജിക്കുന്ന കാര്യമാണെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പറഞ്ഞു.
ജനങ്ങളെ നേരായ വഴിയിൽ നയിക്കേണ്ടവർ തന്നെ കലാപാഹ്വാനം നടത്തുകയും അവർ തന്നെ മുന്നിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്മാരേയും പൊലീസ് സ്റ്റേഷനും അക്രമിക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്ന കാഴ്ച ലജ്ജാകരമാണ്. എല്ലാവരാലും ആദരിക്കപ്പെടേണ്ട മതമേലധ്യക്ഷന്മാരിൽ ചിലരാണ് വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്നും അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ രൂപം
മാനിഷാദാ
ക്രമസമാധാന പരിപാലനം പോലീസിന്റെ ചുമതലയാണ്. അതുപോലെ നിയമ വ്യവസ്ഥയെ മാനിക്കാനും സമൂഹം തയ്യാറാകേണ്ടതാണ്. ഇങ്ങനെ ജനങ്ങളെ നേരായ വഴിയിൽ നയിക്കേണ്ടവർ തന്നെ കലാപാഹ്വാനം നടത്തുകയും, അവർ തന്നെ മുന്നിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥന്മാരേയും പോലീസ് സ്റ്റേഷനും അക്രമിക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്ന കാഴ്ച ലജ്ജാകരമാണ്. എല്ലാവരാലും ആദരിക്കപ്പെടേണ്ട മതമേലധ്യക്ഷന്മാരിൽ ചിലരാണ്, വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. അൻപതോളം പോലീസ് ഉദ്യോഗസ്ഥന്മാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതിൽ ഒരു യുവ പോലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകൾ ഒടിയുന്നതുവരെ മൃഗീയമായി തല്ലുന്ന സാഹചര്യം പോലും ഉണ്ടായി.
രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമുഖത്ത് പോലും പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് ആരും തടയാറില്ല. എന്നാൽ ഇവിടെ ഔദ്യോഗികകൃത്യ നിർവ്വഹണം നിറവേറ്റി വന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അവരെ ആശുപത്രിയിൽ കൊണ്ട് പോകാൻ വന്ന ആബുലൻസിനെ പോലും തടയുന്ന സാഹചര്യം ഉണ്ടായി. സ്വന്തം സഹജീവികൾക്ക് പരിക്കേറ്റാൽ ഒത്തുകൂടി സഹായിക്കുന്ന മൃഗങ്ങൾ പോലും ലജ്ജിച്ച് തല താഴ്തുന്ന നടപടിയാണ് ഇവരിൽ നിന്ന് ഉണ്ടായത്.
വൈകാരികതയിലേക്ക് പോകാതെ വിവേകത്തോടെ പ്രവർത്തിക്കുന്ന കേരള പോലീസിന്റെ ഉയർന്ന പൊതുബോധമാണ് ഇത്രയേറെ ആക്രമിക്കപ്പെട്ടിട്ടും ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകാൻ സാഹചര്യമൊരുക്കിയത്. പോലീസ് വെടിവയ്പ്പിലേക്ക് വരെ എത്തിച്ച് ഈ നാടിന്റെ സമാധാനം തകർക്കുക എന്ന ചിലരുടെയെങ്കിലും ലക്ഷ്യം നടക്കാതെ പോയതും അതുകൊണ്ട് തന്നെയാണ്.
പോലീസ് സ്റ്റേഷനും വാഹനങ്ങളും അടിച്ചു തകർക്കുക മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും ചെയ്തിരിക്കുന്നു. സ്വന്തം വിശ്വാസികൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്താണ് ഇത്തരം ചെയ്തികൾ അവരെക്കൊണ്ട് ചെയ്യിച്ചത്. ഇത്രയേറെ അതിക്രമങ്ങൾ പോലീസിനെതിരെ ഉണ്ടായിട്ടും പരിക്കിന്റെ വേദന കടിച്ചമർത്തി പോലീസ് സമാധാനം കാത്തുസൂക്ഷിച്ചു. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായി നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. എടുത്ത കേസുകളിൽ വിട്ടുവീഴ്ച ഇല്ലാത്ത നിയമ നടപടികൾ സ്വീകരിക്കുക തന്നെ വേണം. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിച്ച് ജുഡീഷ്യറിക്ക് മുന്നിൽ എത്തിക്കുക തന്നെ വേണം.
സാധാരണ ജനങ്ങളുടെ അവകാശ സമരങ്ങൾ നടക്കുമ്പോൾ എടുക്കുന്ന കേസുകൾ സമരശേഷം പിൻവലിച്ച് കാണാറുണ്ട്. ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുടെ അവകാശ സമരമെന്നാൽ അത് പോലീസ് ഉദ്യോഗസ്ഥർ കൂടി ഭാഗമായ സമൂഹത്തിന് വേണ്ടിയുള്ള അവകാശ സമരം ആയതു കൊണ്ടു തന്നെ ഇങ്ങനെ കേസുകൾ പിൻവലിക്കുന്നതിനെ പൊതുവെ എതിർക്കാറില്ല. എന്നാൽ ഇപ്പോൾ നടക്കുന്നതിനെ ജനകീയ സമരമായോ, ജനാധിപത്യരാജ്യത്തെ ജനങ്ങൾ സാധാരണ നടത്താറുള്ള അവകാശ സമരമായോ കാണാൻ കഴിയില്ല. ഇത് കോടതി വിധി ഉൾപ്പെടെ നിറവേറ്റുന്നതിന്റെ ഭാഗമായി, സമാധാനപരമായും സൗഹാർദ്ദപരമായും നിയമപരമായും മാത്രം ഔദ്യോഗിക കൃത്യം നിറവേറ്റി വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ നടത്തിയ ഭീകരവേട്ടയാണ്. ഈ സംഭവത്തിൽ എടുത്ത ഒരു കേസും പിൻവലിക്കാൻ പാടില്ല. ഇത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടാകാനും പാടില്ല.
ഇങ്ങനെ സമരമായി ചിത്രീകരിച്ച്, സമരാഭാസം നടത്തി, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുന്ന നടപടിക്കെതിരായ ചിന്തയിലേക്ക് പ്രബുദ്ധ കേരളമാകെ എത്തേണ്ടതുണ്ട്. അങ്ങനെ പൊതു സമൂഹത്തിന്റെ ധാർമിക പിന്തുണ കേരളത്തിലെ പോലീസ് സമൂഹത്തോടൊപ്പം ഉണ്ടാകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുകയാണ്. അതുപോലെ കേരളത്തെ ഒരു കലാപ ഭൂമിയാക്കാൻ നടത്തുന്ന ഇത്തരം നീച നീക്കങ്ങളെ തിരിച്ചറിയാനുള്ള പക്വത കേരളത്തിലെ പോലീസ് സമൂഹത്തിനുണ്ട്. വികാരത്തിനടിമപ്പെടാതെ, വിവേകത്തോടെ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് കേരളത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ അവസാന ശ്വാസം വരേയും സംസ്ഥാന പോലീസ് ഉണ്ടാകുകയും ചെയ്യും. അതുപോലെ തന്നെ ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളേണ്ട പോലീസ് ഉദ്യോഗസ്ഥർ, കൃത്യമായി കേസെടുത്ത്, സത്യസന്ധമായി അന്വേഷണം നടത്തി, വിട്ടുവിഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുകയും വേണം.
Adjust Story Font
16