എ.കെ.ജി സെന്ററിലേക്കെറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തു
ഫോറൻസിക് പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തൽ
തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്കെറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തുവെന്ന് കണ്ടെത്തൽ. ഫോറൻസിക് പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തൽ. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് പ്രാഥമിക റിപ്പോർട്ട് പൊലീസിന് കൈമാറി.
പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, തുടങ്ങിയവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഏറുപടക്കം പോലെ പെട്ടന്ന് പൊട്ടുന്ന മാതൃകയിലുള്ള വസ്തുവാണ് എറിഞ്ഞതെന്നും സ്ഥലത്ത് നടന്നത് ബോംബ് സ്‌ഫോടനമല്ല എന്നതുമാണ് പ്രാഥമിക കണ്ടെത്തൽ.
അതേസമയം എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ ഇനിയും പൊലീസിന് പിടികൂടാനായില്ല. പ്രതി സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളിലെ അമ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെയോ പ്രതി സഞ്ചരിച്ച വാഹനത്തെയോ തിരിച്ചറിയാനായിട്ടില്ല. സി സി ടി വി ദൃശ്യങ്ങളിലെ വ്യക്തത കുറവാണ് തടസമെന്നാണ് പൊലീസ് വാദം.
എ.കെ.ജി സെന്റർ ആക്രമിക്കുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായ അന്തിയൂർക്കോണം സ്വദേശി റിജുവിനെ രണ്ടു ദിവസം മുമ്പ് വിട്ടയച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാനാകാത്തത് സർക്കാരിന് നാണക്കേടാവുകയാണ്.
Adjust Story Font
16